ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ നിന്ന് പുറത്ത് വരുന്ന രാജ്യത്തെ പിടിച്ചു നിർത്താൻ ‘5 പോയിന്റ് പ്ലാൻ’ അവതരിപ്പിച്ച് ബോറിസ് ജോൺസൻ. നിയമപരമായ മിക്ക നിയന്ത്രണങ്ങളും ഇംഗ്ലണ്ടിൽ നിന്ന് നീക്കം ചെയ്യുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി ഓർമിപ്പിച്ചു. നാലാഴ്ചത്തെ നിയന്ത്രണങ്ങളിൽ നിന്ന് രാജ്യം മുക്തമാകുന്നതോടെ പ്രാധാനപ്പെട്ട പല പരിപാടികളും പുനരാരംഭിക്കും. നൈറ്റ്ക്ലബ്ബുകൾ വീണ്ടും തുറന്നു, സാമൂഹിക അകലം ഇല്ലാതാക്കി, മുഖം മൂടുന്നത് നിർബന്ധമല്ലാതെ വ്യക്തിപരമായ തിരഞ്ഞെടുപ്പായി മാറ്റി. ഭാവിയിലെ ലോക്ക്ഡൗണുകൾ അകറ്റി നിർത്താൻ സഹായകമാകുമെന്ന് പ്രധാനമന്ത്രി പ്രതീക്ഷിക്കുന്ന അഞ്ച് പോയിന്റ് പ്ലാൻ വിശദീകരിച്ചു.
• എല്ലാ മുതിർന്നവർക്കും വാക്‌സിൻ ഡോസ് ഇടവേള 12 ൽ നിന്ന് 8 ആഴ്ചയായി കുറച്ചുകൊണ്ട് പ്രതിരോധം ശക്തിപ്പെടുത്തുക.
• കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ ജാഗ്രതയും വ്യക്തിപരമായ ഉത്തരവാദിത്തവും കൈവിടാതിരിക്കുക
• ടെസ്റ്റ്, ട്രെയ്സ്, ഇൻസുലേറ്റ് സിസ്റ്റം എന്നിവ നിലനിൽക്കും, എല്ലാ പോസിറ്റീവ് കേസുകളും ഐസൊലേഷനിൽ കഴിയണം. രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ ഐസൊലേഷനിൽ കഴിയണം. ഈ നിയമം ഓഗസ്റ്റ് 19 വരെ നിലനിൽക്കും. അതിന് ശേഷം രണ്ട് ഡോസ് സ്വീകരിച്ച മുതിർന്നവരെയും 18 വയസിനു താഴെയുള്ളവരെയും ഐസൊലേഷൻ നടപടിയിൽ നിന്ന് ഒഴിവാക്കും.
• അതിർത്തി നിയന്ത്രണങ്ങൾ തുടരും. റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് ക്വാറന്റീനിൽ കഴിയേണ്ടി വരും.
• വിവരങ്ങൾ നിരന്തരം വിലയിരുത്തുകയും ഉയർന്ന അപകടസാധ്യതയുള്ള സമയങ്ങളിൽ ആവശ്യമെങ്കിൽ ആകസ്മിക നടപടികൾ സ്വീകരിക്കുകയും ചെയ്യും. എന്നാൽ സാധ്യമെങ്കിൽ നിയന്ത്രണങ്ങൾ ഒഴിവാക്കും.
ഇംഗ്ലണ്ടിൽ നിയന്ത്രണങ്ങൾ നീക്കാനുള്ള പദ്ധതി നിരവധി മാസങ്ങളായി നിലവിലുണ്ടെങ്കിലും, പകർച്ചവ്യാധിയുടെ അപകടകരമായ ഘട്ടത്തിലാണ് ഇത് യാഥാർഥ്യമാവുന്നത്. ഇന്നലെ യുകെയിൽ 48,161 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു, ഒരാഴ്ചയ്ക്കുള്ളിൽ 50% വർധന. ലക്ഷകണക്കിന് ആളുകൾ ലോങ്ങ് കോവിഡ് ബാധിതരാവുന്നുണ്ട്. ഇംഗ്ലണ്ടിനെപ്പോലുള്ള ഉയർന്ന പ്രതിരോധ കുത്തിവെയ്പ്പ് ഉള്ള ജനസംഖ്യയിൽ കേസുകൾ വർധിക്കാൻ അനുവദിക്കുന്നത് അപകടകരവും വാക്സിൻ പ്രതിരോധത്തെ മറികടക്കുന്നതുമായ കൊറോണ വൈറസ് വകഭേദങ്ങളുടെ വളർച്ചയ്ക്ക് കാരണമാകുമെന്ന് ശാസ്ത്രഞ്ജർ മുന്നറിയിപ്പ് നൽകി. ഈ പ്രശ്‌ന പശ്ചാത്തലത്തിലാണ് ജോൺസൺ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
Leave a Reply