ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ആദ്യ ലോക്ക്ഡൗൺ സമയത്ത് ഡൗണിംഗ് സ്ട്രീറ്റ് ഗാർഡനിൽ നൂറോളം ആളുകളെ ക്ഷണിച്ചുവരുത്തി ഡ്രിങ്ക്സ് ഇവന്റ് നടന്നെന്ന് വെളിപ്പെടുത്തൽ. 2020 മെയ് 20 ന് നടന്ന പാർട്ടിയിൽ പ്രധാനമന്ത്രിയും ഭാര്യയും പങ്കെടുത്തതായി ദൃക്‌സാക്ഷികൾ ബിബിസിയോട് പറഞ്ഞു. എന്നാൽ ഇതിനെക്കുറിച്ചു വ്യക്തമാക്കാൻ ജോൺസൻ തയ്യാറായില്ല. കോവിഡ് നിയമങ്ങളുടെ ലംഘനമായി ആരോപിക്കപ്പെടുന്ന ഈ സംഭവത്തെപറ്റി അന്വേഷിക്കുകയാണെന്ന് മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു. ഐടിവി ന്യൂസ് വെളിപ്പെടുത്തിയ ഒരു ഇമെയിലിൽ നിന്നാണ് ഡ്രിങ്ക്സ് ഇവന്റിനെ പറ്റിയുള്ള വിവരങ്ങൾ ലഭിച്ചത്. ജോൺസന്റെ പ്രിൻസിപ്പൽ പ്രൈവറ്റ് സെക്രട്ടറി മാർട്ടിൻ റെയ്‌നോൾഡ്‌സിനെ പാർട്ടിയിലേക്ക് ക്ഷണിച്ചുകൊണ്ട് അയച്ച ഇമെയിൽ ആണിത്. ഇത് മുഴുവനായും ഐടിവി പ്രസിദ്ധീകരിച്ചു.

‘സാമൂഹിക അകലം പാലിച്ചു നടക്കുന്ന പരിപാടി’യെന്ന് മെയിലിലുണ്ട്. കടുത്ത ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നിലനിന്നിരുന്ന സമയത്താണ് പാർട്ടി നടന്നതെന്ന് ആരോപിക്കപ്പെടുന്നു. ആറു പേർക്ക് വാതിൽപ്പുറ ഇടങ്ങളിൽ ഒത്തുകൂടാമെന്ന ഇളവ് 2020 ജൂൺ 1 നാണ് സർക്കാർ കൊണ്ടുവരുന്നത്. അതിന് മുൻപ് നൂറ് പേരെ ഉൾപ്പെടുത്തി സർക്കാർ മന്ദിരത്തിൽ നടന്ന പാർട്ടി ധാരാളം ചോദ്യങ്ങൾ ഉയർത്തുന്നു. പാർട്ടിയിൽ പ്രധാനമന്ത്രി പങ്കെടുത്തതായി കണ്ടെത്തിയാൽ ഗുരുതരമായ ചോദ്യങ്ങൾ നേരിടേണ്ടിവരുമെന്ന് ലേബർ പാർട്ടി പറഞ്ഞു. ലിബറൽ ഡെമോക്രാറ്റുകൾ ഒരു പോലീസ് അന്വേഷണത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ഒത്തുചേരലിന്റെ അതേ ദിവസം, അന്നത്തെ സാംസ്കാരിക സെക്രട്ടറി ഒലിവർ ഡൗഡൻ ഡൗണിംഗ് സ്ട്രീറ്റ് കൊറോണ വൈറസ് ബ്രീഫിംഗ് നൽകിയിരുന്നു. 24 മണിക്കൂറിനുള്ളിൽ യുകെയിൽ 363 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചതായി അദ്ദേഹം സ്ഥിരീകരിച്ചു. പൊതു സ്ഥലത്ത് രണ്ട് മീറ്റർ അകലം പാലിക്കണമെന്ന് അന്നേ ദിവസം അദ്ദേഹം ഓർമിപ്പിച്ചു. 2020-ൽ നടന്ന ഒത്തുചേരലുകളെക്കുറിച്ചുള്ള സ്വതന്ത്ര അന്വേഷണത്തിന് സ്യൂ ഗ്രേ നേതൃത്വം നൽകുന്നു.