ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ടിൽ ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങൾക്കെതിരെ ബാക്ക്ബെഞ്ച് എംപിമാർ. നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ പുതിയ കൊറോണ വൈറസ് നിയന്ത്രണങ്ങളുടെ വിശദാംശങ്ങൾ വ്യക്തമാക്കാൻ ആവശ്യപ്പെട്ടപ്പോൾ ബോറിസ് ജോൺസൺ ക്ഷമ ചോദിക്കുകയുണ്ടായി. ജോൺസൻ കൊണ്ടുവന്ന പുതിയ നിയമത്തിൽ വ്യത്യസ്ത വീടുകളിൽ നിന്നുള്ളവർ പബ്ബിനുള്ളിൽ ഒത്തുകൂടരുതെന്ന് പറയുന്നു. ഇത് 20 ലക്ഷം പൊതുജനങ്ങൾക്ക് ബാധകമാണെന്നിരിക്കെ പബ്ബ് ബിയർ ഗാർഡനുകൾ പോലുള്ള ഔട്ട്‌ഡോർ ക്രമീകരണങ്ങൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ ആശയക്കുഴപ്പം ഉടലെടുത്തു. വ്യക്തമായ നിയമം നൽകാത്തതിനെതിരെ ലേബർ പാർട്ടിയിൽ നിന്നും വിമർശനം ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 7,143 പുതിയ കൊറോണ വൈറസ് കേസുകൾ യുകെയിൽ രേഖപ്പെടുത്തി. രോഗം സ്ഥിരീകരിച്ച് 28 ദിവസത്തിനുള്ളിൽ 71 പേരാണ് മരണമടഞ്ഞത്. ജൂലൈ 1ന് ശേഷമുള്ള ഉയർന്ന കണക്കാണിത്.
നോർത്ത് ഈസ്റ്റിലെ ആളുകൾക്ക് ഒരു പബ്ബ് ഗാർഡനിൽ വച്ച് മറ്റ് വീടുകളിൽ നിന്നുള്ളവരെ ഇനിയും കാണാൻ കഴിയുമോ എന്ന് ചോദിച്ചപ്പോൾ, ജനങ്ങൾ പ്രാദേശിക മാർഗ്ഗനിർദ്ദേശം പാലിക്കണമെന്നാണ് ജോൺസൻ പറഞ്ഞത്. പിന്നാലെ ട്വിറ്ററിൽ അദ്ദേഹം ക്ഷമാപണം നടത്തി. “പബ്ബുകൾ, റെസ്റ്റോറന്റുകൾ, വീട് എന്നിവയ്ക്കുള്ളിൽ വച്ച് വിവിധ വീടുകളിൽ നിന്നുള്ളവരെ കാണാൻ കഴിയില്ല എന്നതാണ് പുതിയ നിയമം അർത്ഥമാക്കുന്നത്.” പ്രധാനമന്ത്രി അറിയിച്ചു. നിയമങ്ങൾ വളരെ സങ്കീർണ്ണവും ഏകപക്ഷീയവുമാണെന്ന് ബാക്ക്ബെഞ്ച് എംപിമാർ പറഞ്ഞു. രാഷ്ട്രീയ യുക്തിക്ക് യോജിച്ച തീരുമാനമല്ല ഇതെന്നും അവർ ചൂണ്ടിക്കാട്ടി.
കൊറോണ വൈറസിനെക്കുറിച്ചുള്ള ഗവൺമെന്റിന്റെ തീരുമാനങ്ങളിൽ മാത്രമല്ല, പാർലമെന്റ് എങ്ങനെ ഇടപെടുന്നുവെന്നതിൽ കൂടുതൽ സ്വാധീനം ചെലുത്താനുള്ള ഒരു മാർഗത്തിലേക്ക് ബാക്ക്ബെഞ്ചേഴ്‌സ് നീങ്ങുകയാണ്. കഴിഞ്ഞാഴ്ച കൊറോണ വൈറസ് കേസുകൾ വർദ്ധിച്ചതിനാൽ, കർശനമായ നിയമങ്ങളിലേക്ക് നീങ്ങുന്നതിൽ നിന്ന് പത്താം നമ്പറിനെ തടഞ്ഞതിന്റെ ഭാഗമായിരുന്നു അവർ. അതേസമയം പുതിയ നിയമങ്ങൾ ആശയക്കുഴപ്പമുണ്ടാക്കുന്നതായി നോർത്ത് ഈസ്റ്റിലെ ആളുകൾ പരാതിപ്പെട്ടു. പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതിനുശേഷം തന്റെ എല്ലാ വേദികളും അടച്ചുപൂട്ടാൻ തീരുമാനിച്ചതായി ടൈനെസൈഡിലും നോർത്തേംബർലാൻഡിലും ബാറുകളും റെസ്റ്റോറന്റുകളും നടത്തുന്ന ഒല്ലി വോൾക്കാർഡ് പറഞ്ഞു. കൊറോണ വൈറസ് പ്രതിസന്ധിയെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കുന്നതിനായി പ്രധാനമന്ത്രി ബുധനാഴ്ച ഉച്ചയ്ക്ക് പത്രസമ്മേളനം നടത്താനിരിക്കുകയാണ്. ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫ. ക്രിസ് വിറ്റിയും ചീഫ് സയന്റിഫിക് അഡ്വൈസർ സർ പാട്രിക് വാലൻസും ജോൺസണൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നു.
Leave a Reply