ന്യൂസ് ഡെസ്ക് മലയാളം യുകെ

നിങ്ങൾ നല്ലൊരു ജോലിയും ഭാവിയും സ്വപ്നം കാണുന്നുണ്ടോ ? എങ്കിൽ എൻ എച്ച്എസിലെ ജോലി അതിനു നിങ്ങളെ തീർച്ചയായും സഹായിക്കും. ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ, നേഴ്സുമാർ, ഡോക്ടർമാർ തുടങ്ങി സ്പീച്ച്, ലാംഗ്വേജ് തെറാപ്പിസ്റ്റുകൾ, ഡയറ്റീഷ്യൻമാർ, ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾ, റേഡിയോഗ്രാഫർമാർ തുടങ്ങി 350-ലധികം തസ്തികകളിൽ 1.6 ദശലക്ഷം ആളുകൾ ജോലി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ തൊഴിൽ ദാതാക്കളിൽ ഒന്നാം സ്ഥാനത്താണ് എൻഎച്ച്എസ്. തൊഴിൽ സുരക്ഷ എൻഎച്ച്എസ്സിന്റെ മുഖമുദ്രയാണ്. അതുകൂടാതെ ഈ വർഷം സർക്കാർ പ്രഖ്യാപിച്ച പുതുക്കിയ ശമ്പള പരിഷ്കരണം എൻഎച്ച്എസിന്റെ ജോലിയെ കൂടുതൽ ആകർഷകമാക്കുകയും ചെയ്യുന്നുണ്ട് . ഓൺ – കോൾ , ഓവർടൈം തുടങ്ങിയവയിലൂടെ ജീവനക്കാർക്ക് കൂടുതൽ വരുമാനം നേടാനുള്ള അവസരവും എൻഎച്ച്എസ് നൽകുന്നുണ്ട്.

ചില തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് തങ്ങളുടെ ജോലി സംബന്ധമായി കൂടുതൽ പരിശീലനം നേടുന്നതിനുള്ള സാമ്പത്തിക സഹായവും എൻഎച്ച്എസ് ലഭ്യമാക്കുന്നുണ്ട്. നേഴ്സിംഗ് , മിഡ് വൈഫറി , ഡയറ്റീഷൻമാർ എന്നിവർക്ക് കൂടുതൽ പരിശീലനത്തിനായി 5000 പൗണ്ട് വരെ സാമ്പത്തിക സഹായമാണ് എൻഎച്ച്എസ് നൽകുന്നത്. എൻഎച്ച്എസിന്റെ പെൻഷൻ പദ്ധതി യുകെയിലെ ഏറ്റവും മികച്ചതാണ്. പെൻഷൻ പദ്ധതിക്കായി ജീവനക്കാരുടെ 20.6 ശതമാനത്തിന് തുല്യമായ തുകയാണ് എൻഎച്ച്എസ് നീക്കി വയ്ക്കുന്നത്.

യുകെയിലെ മലയാളികളിൽ ഭൂരിപക്ഷവും ആരോഗ്യ മേഖലയോട് ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. അതിൽ തന്നെ ഒട്ടു മിക്ക യുകെ മലയാളികളും എൻഎച്ച്എസിലാണ് ജോലി ചെയ്യുന്നത് . ആവശ്യമായ ജീവനക്കാരുടെ അഭാവം എൻഎച്ച്എസ് നേരിടുന്ന വലിയ വെല്ലുവിളിയാണ്. യുകെയിൽ എൻഎച്ച്എസിൽ ജോലി ലഭിക്കുക എന്നത് കേരളത്തിലെ മലയാളി നേഴ്സുമാരുടെ ഒരു സ്വപ്നമാണ്. എൻഎച്ച്സിലെ ജോലിസാധ്യതയെ കുറിച്ച് കൂടുതൽ വിവരങ്ങൾ താഴെപ്പറയുന്ന ലിങ്കിൽ ലഭ്യമാണ്.
http://healthcareers.nhs.uk