ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടനിലെത്തുന്ന മറ്റു രാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥികളെ പ്രാഥമികമായി അവരുടെ അപേക്ഷകളും മറ്റും പ്രോസസ്സ് ചെയ്യാനായി റൂവാണ്ടയിലേക്ക് മാറ്റുവാൻ യുകെ ഗവൺമെന്റ് തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ആഭ്യന്തരസെക്രട്ടറി പ്രീതി പട്ടേൽ ആഫ്രിക്കൻ രാജ്യമായ റൂവാണ്ടയുമായി കരാർ ഒപ്പിടാനായി അവിടെ എത്തിച്ചേർന്നിട്ടുണ്ടെന്നും, ഇന്ന് കരാർ ഒപ്പിടുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഏകദേശം 120 മില്യൺ പൗണ്ടോളം ഈ പദ്ധതിക്കായി ചിലവ് വരുമെന്നാണ് പ്രാഥമിക കണക്കുകൂട്ടൽ. എന്നാൽ ഗവൺമെന്റിന്റെ ഈ തീരുമാനത്തിനെതിരെ ശക്തമായ എതിർപ്പുകൾ പല ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. ഗവൺമെന്റിന്റെ ഈ തീരുമാനം തികച്ചും ക്രൂരമാണെന്ന് റെഫ്യുജി കൗൺസിൽ വ്യക്തമാക്കി. ലേബർ പാർട്ടിയും ഈ തീരുമാനത്തോടുള്ള തങ്ങളുടെ അതൃപ്തി അറിയിച്ചിട്ടുണ്ട്. യുണൈറ്റഡ് നേഷൻസ് റെഫ്യുജി കൗൺസിലർ ബ്രിട്ടനിലെ പുതിയ നടപടിയോടുള്ള തങ്ങളുടെ ആശങ്കകൾ വ്യക്തമാക്കിയിട്ടുണ്ട്.
ഗവൺമെന്റിൻെറ ഈ തീരുമാനം വ്യാഴാഴ്ച രാവിലെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അഭയാർഥികൾക്ക് മേൽ രാജ്യത്തിന് കൂടുതൽ അധികാരം നൽകുന്നതാണ് ഈ നടപടിയെന്ന് ഗവൺമെന്റ് വാദിക്കുമ്പോൾ, മനുഷ്യത്വരഹിതമാണെന്ന ആരോപണം ശക്തമായി തന്നെ തുടരുന്നുണ്ട്. പാർട്ടിഗേറ്റ് വിവാദത്തിൽ നിന്നും ശ്രദ്ധ തിരിച്ചു വിടാനാണ് ഗവൺമെന്റ് പുതിയ പദ്ധതി കൊണ്ടുവന്നിരിക്കുന്നതെന്ന് ലേബർ പാർട്ടി അംഗം കുറ്റപ്പെടുത്തി. നിരവധി ആളുകൾ ദിവസേന ഇംഗ്ലീഷ് ചാനൽ അനധികൃതമായി കടക്കുന്നതിനാൽ, ഇത്രയും പേരെ സംരക്ഷിക്കുന്നതിനുള്ള ശേഷി ബ്രിട്ടണില്ല എന്നുള്ള വസ്തുത കൂടി കുറ്റപ്പെടുത്തുന്നവർ ഓർമ്മിച്ചിരിക്കണം എന്നാണ് ഗവൺമെന്റ് വ്യക്തമാക്കുന്നത്.
Leave a Reply