ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

യു കെ :- 15 മില്യൻ പൗണ്ട് മൂല്യമുള്ള പോയിന്റുകൾ ഈ ആഴ്ചയിൽ അവസാനിക്കാനിരിക്കെ ടെസ്കോ ക്ലബ് കാർഡ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. വിലകളിൽ ഡിസ്കൗണ്ട് ലഭിക്കുന്നതിനോടൊപ്പം തന്നെ, ടെസ്കോ ക്ലബ്‌കാർഡ് റിവാർഡ് പാർട്ണർ സ്കീം ഉപഭോക്താക്കളെ ഭക്ഷണം, യാത്ര എന്നിവയ്ക്ക് ചെലവഴിക്കുന്നതിനായും പോയിന്റുകൾ നേടാൻ അനുവദിക്കുന്നുണ്ട്. ടെസ്‌കോ സ്റ്റോറുകളിലോ ഓൺലൈനായോ ഉപഭോക്താക്കൾ ചിലവഴിക്കുന്ന ഒരു പൗണ്ടിന് ഒരു പോയിന്റ് എന്ന നിലയിലാണ് ടെസ്കോ കാർഡിൽ ലഭിക്കുന്നത്. റിവാർഡ് പാർട്ണർമാരായ വിർജിൻ അറ്റ്ലാന്റിക്, കഫേ റൂജ് എന്നിവയിൽ പോയിന്റുകൾ ചെലവഴിക്കുമ്പോൾ അവയ്ക്ക് നിലവിൽ അവയുടെ മൂല്യത്തിന്റെ മൂന്നിരട്ടി മൂല്യമുണ്ട്. എന്നാൽ ജൂൺ 14 മുതൽ ടെസ്‌കോ തങ്ങളുടെ റിവാർഡ് സ്‌കീം കുറച്ചതിനാൽ, മൂന്നിരട്ടി എന്നുള്ളത് രണ്ടിരട്ടിയായി കുറയും. ഇതു മൂലം ലേഗോലാൻഡ്, പിറ്റ്സ്സാ എക്സ്പ്രസ്സ്‌ എന്നിവയുൾപ്പെടെ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ചില ലക്ഷ്യസ്ഥാനങ്ങളിലെ സമ്പാദ്യം നഷ്‌ടമാകുമെന്നാണ് ഇതിനർത്ഥം.


എന്നാൽ തങ്ങൾക്ക് നിലവിൽ ലഭിക്കുന്ന പ്രയോജനങ്ങൾ കുറച്ചു കാലം കൂടി മുന്നോട്ടു ലഭിക്കാൻ ഉപഭോക്താക്കൾക്ക് ചില വഴികൾ ഉണ്ട്. ജൂൺ 13-ന് മുമ്പ് ഓർഡർ ചെയ്യുന്ന ഏതൊരു റിവാർഡ് വൗച്ചറുകളും സാധാരണ ആറ് മാസത്തേക്കാലുപരിയായി, നിലവിലെ നിരക്കിൽ ഒരു വർഷത്തേക്ക് പ്രയോജനങ്ങൾ ലഭിക്കും. ഇതോടൊപ്പം തന്നെ മറ്റൊരു വഴിയും സാമ്പത്തിക ഉപദേശകനായ മാർട്ടിൻ ലൂയിസ് വ്യക്തമാക്കുന്നുണ്ട്. ഉപഭോക്താക്കളുടെ പക്കൽ 10 പൗണ്ട് മൂല്യമുള്ള വൗച്ചർ ഉണ്ടെങ്കിൽ, ഓൺലൈൻ വഴിയായി അതിൽ നിന്ന് 50 പെൻസ് മാത്രം ചിലവഴിക്കുക. 50 പെൻസ് 1.50 പൗണ്ട് ആയി മാറുമെന്നതിനാൽ, ഉപഭോക്താക്കൾക്ക് ഇതിലൂടെ റെസ്റ്റോറന്റ് വൗച്ചറുകളിൽ 1.50 പൗണ്ട് ലഭിക്കും. ബാക്കിയുള്ള 9.50 പൗണ്ടിന് അവർ അത് വീണ്ടും ഇഷ്യൂ ചെയ്യുന്നതോടെ അത് രണ്ട് വർഷം കൂടി നീണ്ടുനിൽക്കും. നിലവിലെ സാഹചര്യത്തിൽ ഉപഭോക്താക്കൾ തങ്ങൾക്ക് അനുയോജ്യമായ വഴികൾ സ്വീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ടെസ്കോ കാർഡ് നിലവിൽ അനേകം ഉപഭോക്താക്കൾക്ക് സഹായപ്രദമാണ്.