ലണ്ടൻ : ഇംഗ്ലണ്ടിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ജൂൺ 21നകം അവസാനിപ്പിക്കാനുള്ള പദ്ധതി പുറത്തിറക്കി പ്രധാനമന്ത്രി ബോറിസ് ജോൺസൻ. കർശനമായ നിബന്ധനകൾ പാലിച്ചാൽ നാല് ഘട്ടങ്ങളായി ലോക്ക്ഡൗൺ ലഘൂകരിക്കും. ഏറ്റവും പുതിയ പദ്ധതി പ്രകാരം ഏപ്രിൽ 12 ന് ഷോപ്പുകൾ, ഹെയർഡ്രെസ്സർമാർ, ജിമ്മുകൾ, ഔട്ട്‌ഡോർ ഹോസ്പിറ്റാലിറ്റി എന്നിവ ഇംഗ്ലണ്ടിൽ വീണ്ടും തുറന്ന് പ്രവർത്തിക്കും. മെയ് 17 മുതൽ രണ്ട് വീടുകളിലെ ആളുകൾക്ക് വീടിനുള്ളിൽ കൂടിച്ചേരാൻ അനുവാദമുണ്ട്. അതേസമയം ‘റൂൾ ഓഫ് സിക്സ്’ പബ്ബുകൾ പോലുള്ള സ്ഥലങ്ങളിൽ നടപ്പിലാക്കും. ഓരോ ഘട്ടങ്ങളിലും നാല് കാര്യങ്ങൾ പരിശോധിച്ച ശേഷം മാത്രമാവും ഇളവുകൾ കൊണ്ടുവരിക. വാക്സിൻ പദ്ധതി മുന്നോട്ട് കൊണ്ടുപോകുക, അതിലൂടെ രോഗവ്യാപനം കുറയ്ക്കുക, ആശുപത്രികൾക്ക് മേൽ സമ്മർദ്ദം കൂടാതിരിക്കുക, ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസുകൾ ഉണ്ടാവാതിരിക്കുക എന്നിവ വിശകലനം ചെയ്യും.
മാർച്ച് 8ന് ആരംഭിക്കുന്ന ആദ്യ ഘട്ടത്തിന് രണ്ട് ഭാഗങ്ങളാണ് ഉള്ളത്. മാർച്ച് 8 മുതൽ എല്ലാ സ്കൂളുകളിലും ക്ലാസ്സിന് ശേഷമുള്ള കായിക,വിനോദ പ്രവർത്തനങ്ങളും അനുവദിക്കും. രണ്ട് പേർക്ക് പുറത്ത് കണ്ടുമുട്ടാനുള്ള അനുവാദമുണ്ട്. മാർച്ച് 29 മുതൽ ആറു പേർക്കോ രണ്ട് കുടുംബങ്ങൾക്കോ പുറത്ത് കണ്ടുമുട്ടാനുള്ള അനുവാദമുണ്ട്. സ്വകാര്യ ഉദ്യാനങ്ങളിലെ ഒത്തുചേരലുകൾ ഇതിൽ ഉൾപ്പെടും. ടെന്നീസ്, ബാസ്കറ്റ്ബോൾ, ഫുട്ബോൾ പോലുള്ള ഔട്ട്ഡോർ കായിക സൗകര്യങ്ങൾ വീണ്ടും തുറക്കും.
ഏപ്രിൽ 12 മുതൽ ആരംഭിക്കുന്ന രണ്ടാം ഘട്ടത്തിൽ അനിവാര്യമായ കടകൾ തുറക്കും. ബിയർ ഗാർഡനുകൾ, മൃഗശാലകൾ, തീം പാർക്കുകൾ, ലൈബ്രറികൾ എന്നിവയും തുറന്ന് പ്രവർത്തിക്കും. സ്വിമ്മിംഗ് പൂളുകളും ജിമ്മുകളും തുറക്കുന്നതോടൊപ്പം കാറ്ററിംഗ് ലെറ്റുകൾ, ക്യാമ്പ് സൈറ്റുകൾ എന്നിവയും പ്രവർത്തനം ആരംഭിക്കും. അന്താരാഷ്ട്ര വിനോദ യാത്രാ നിയന്ത്രണങ്ങളുടെ അവലോകനം ഏപ്രിൽ 12 നകം പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
മൂന്നാം ഘട്ടം മെയ് 17ന് ആരംഭിക്കും. സാഹചര്യം അനുകൂലമെങ്കിൽ റൂൾ ഓഫ് സിക്സ് അവസാനിപ്പിക്കും. രണ്ട് വീടുകൾക്കൊരുമിച്ച് വീടിനുള്ളിൽ ഒത്തുകൂടാൻ സാധിക്കും. സാമൂഹിക അകലം നിലനിൽക്കുമെങ്കിലും സിനിമ, മ്യൂസിയങ്ങൾ, ഹോട്ടലുകൾ എന്നിവ തുറന്ന് പ്രവർത്തിക്കും. ഫുട്ബോൾ സ്റ്റേഡിയങ്ങളിൽ പതിനായിരത്തോളം പേരെ പ്രവേശിപ്പിക്കും. 30 പേർക്ക് വരെ വിവാഹ ചടങ്ങുകളിലും ശവസംസ്കാര ചടങ്ങുകളിലും പങ്കെടുക്കാം.
നാലാം ഘട്ടത്തിനുമുമ്പ്, മന്ത്രിമാർ നടപടികൾ അവലോകനം ചെയ്യും. ജൂൺ 21 മുതൽ ആരംഭിക്കുന്ന നാലാമത്തെ ഘട്ടത്തിൽ എല്ലാ സാമൂഹിക നിയന്ത്രണങ്ങളും ഇല്ലാതാക്കും. നൈറ്റ്‌ക്ലബുകൾ ആരംഭിക്കും. വിവാഹങ്ങൾക്കും ശവസംസ്കാര ചടങ്ങുകൾക്കുമുള്ള നിയന്ത്രണങ്ങളും നിർത്തലാക്കുമെന്ന് സർക്കാർ അറിയിച്ചു. ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ ഈ പദ്ധതിയെ സ്വാഗതം ചെയ്തെങ്കിലും ബിസിനസുകൾക്കും തൊഴിലാളികൾക്കുമായുള്ള ഫർലോഫ് പദ്ധതിയുടെ ഭാവി സംബന്ധിച്ച് സർക്കാർ ഉറപ്പ് നൽകണമെന്ന് ആവശ്യപ്പെട്ടു. വരാനിരിക്കുന്ന വസന്തകാലവും വേനൽക്കാലവും പ്രതീക്ഷയുടെ ഋതുക്കളായിരിക്കുമെന്നും രോഗവ്യാപനം കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും ഡൗണിംഗ് സ്ട്രീറ്റ് വാർത്താസമ്മേളനത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
Leave a Reply