ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ലോകമെമ്പാടുമുള്ള ഡോക്ടർമാരെ അമ്പരപ്പിച്ച പ്രതിഭാസമാണ് ചെറുപ്പക്കാർക്കിടയിൽ വർദ്ധിച്ചുവരുന്ന കുടൽ അർബുദ കേസുകൾ. സാധാരണയായി പ്രായമായവരിൽ കണ്ടുവരുന്ന ഈ രോഗം, കഴിഞ്ഞ 30 വർഷത്തിനിടയിൽ 20 മുതൽ 40 വയസ്സു വരെയുള്ളവരിൽ 50% വർദ്ധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിന് പിന്നിൽ പല കാരണങ്ങൾ ഉണ്ടായേക്കാമെങ്കിലും, വിവിധ റിസർച്ചുകൾക്കും ചർച്ചകൾക്കും ഒടുവിൽ ലോകത്തിലെ തന്നെ പ്രശസ്തരായ രണ്ട് ക്യാൻസർ വിദഗ്ധർ ചൂണ്ടിക്കാട്ടുന്ന സൂചനകൾ ആശങ്കാജനകമാണ്. ഹെൽത്ത്‌ ഫൗണ്ടേഷനു നൽകിയ അഭിമുഖത്തിൽ യുകെയിലെ ക്യാൻസർ റിസർച്ച് ചീഫ് ക്ലിനിഷ്യൻ ഡോ. ചാൾസ് സ്വാൻടൺ, കുട്ടിക്കാലത്ത് പലരിലും കണ്ടെത്തുന്ന ഇ കൊളൈ ബാക്ടീരിയയുടെ ചില പ്രത്യേക തരങ്ങൾ ക്യാൻസർ ബാധയുടെ തുടക്കങ്ങൾക്ക് കാരണമാകുന്നുവെന്ന് വ്യക്തമാക്കി. മറ്റൊരു ക്യാൻസർ സ്പെഷ്യലിസ്റ്റ് ആയ യുഎസിലെ ഡാന ഫാർബർ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ യംഗ് ഓൺസെറ്റ് കൊളോറെക്റ്റൽ ക്യാൻസർ സെൻ്റർ ഡയറക്ടർ ഡോ. കിമ്മി എൻജിയും ഇതേ അഭിപ്രായമാണ് മുന്നോട്ടുവയ്ക്കുന്നത്. നിരവധി കുട്ടികളിലാണ് കോളോ – റക്റ്റൽ ക്യാൻസർ താൻ കണ്ടെത്തിയിരിക്കുന്നത് എന്ന് അവർ വ്യക്തമാക്കി. ജീവിതത്തിൽ കുട്ടിക്കാലത്ത് തന്നെ ഇ കൊളൈ ബാധ ഇത്തരത്തിൽ ക്യാൻസർ രോഗ തുടക്കത്തിന് കാരണമാകുന്നുവെന്ന് അവർ വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


കുടൽ അർബുദം മാത്രമല്ല, ചെറുപ്പക്കാർക്കിടയിൽ തൈറോയ്ഡ് ക്യാൻസറും കിഡ്നി ക്യാൻസറും വർദ്ധിച്ചു വരുന്നതായും അവർ പറഞ്ഞു. വിദഗ്‌ധർ ഇത്തരത്തിൽ ചൂണ്ടിക്കാണിച്ച ഇ.കൊളൈയുടെ തരം പികെഎസ് പോസിറ്റീവ് ഇ.കൊളൈ എന്നറിയപ്പെടുന്ന ഒരു പ്രത്യേക സ്‌ട്രെയിനാണ്. ഇത് എത്തരത്തിലാണ് വികസിക്കുന്നതെന്ന് ശാസ്ത്രജ്ഞർക്ക് വലിയ ധാരണയില്ല. എന്നാൽ 2022 – ൽ നടന്ന പഠനത്തിൽ വൻകുടൽ ക്യാൻസറിലും പാശ്ചാത്യ രീതിയിലുള്ള ഭക്ഷണക്രമത്തിലും ഇതേ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. വൻകുടലിലെ സെല്ലുകളെ നശിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ള ടോക്സിക് പദാർത്ഥങ്ങൾ പുറപ്പെടുവിക്കുവാൻ ഈ ബാക്ടീരിയയ്ക്ക് സാധിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. പുകവലി, അമിതവണ്ണം, ജങ്ക് ഫുഡ് പദാർത്ഥങ്ങളുടെ അമിത ഉപയോഗം എന്നിവയെല്ലാമാണ് സാധാരണയായി ക്യാൻസർ രോഗത്തിന് കാരണമായി പ്രതിപാദിക്കപ്പെടുന്നത്. തൻ്റെ അനുഭവത്തിൽ തൻ്റെ രോഗികളിൽ പലരും ചെറുപ്പമാണെന്നും അമിതവണ്ണമുള്ളവരല്ലെന്നും ഡോ എൻജി അവകാശപ്പെടുന്നു. ആരോഗ്യപരമായ ജീവിതം നയിക്കുന്ന പലരിലും ഈ രോഗം കണ്ടെത്തിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. അതിനാൽ തന്നെ ബാക്ടീരിയയുടെ സാന്നിധ്യം രോഗ തുടക്കത്തിന് കാരണമാകുന്നു എന്ന അഭിപ്രായം ശക്തമായി പരിഗണിക്കപ്പെടുന്നു.