ഭർത്താവും മുൻ ഇന്ത്യൻ കബഡി ടീം ക്യാപ്റ്റനുമായ ദീപക് നിവാസ് ഹൂഡയ്ക്കെതിരേ പുതിയ ആരോപണവുമായി ബോക്സിങ് താരം സ്വീറ്റി ബൂറ. ഭർത്താവ് സ്വവർഗാനുരാഗിയാണെന്നും പുരുഷന്മാരെയാണ് അദ്ദേഹത്തിന് താത്പര്യമെന്നും സ്വീറ്റി ബൂറ ആരോപിച്ചു.
പുറത്തുപറയാൻ കഴിയാത്ത പലകാര്യങ്ങളും ഭർത്താവ് തന്നെക്കൊണ്ട് ചെയ്യിപ്പിച്ചിട്ടുണ്ടെന്നും ഭർത്താവ് മറ്റു പുരുഷന്മാരുമായി ശാരീരികബന്ധത്തിലേർപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്നും സ്വീറ്റി ബൂറ പുറത്തുവിട്ട പുതിയ വീഡിയോയില്‍ വെളിപ്പെടുത്തി. ആ വീഡിയോകള്‍ കണ്ടപ്പോള്‍ കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നത് പോലെയാണ് എനിക്ക് തോന്നിയത്. അദ്ദേഹത്തിന് പുരുഷന്മാരെയാണ് താത്പര്യം. ദീപക്
സ്വവർഗാനുരാഗിയാണെന്നതിന് എന്റെ പക്കല്‍ വീഡിയോ തെളിവുകളുണ്ട്. ഇത് ഞാൻ കോടതിയില്‍ ഹാജരാക്കും’, സ്വീറ്റി പറഞ്ഞു. ഭർത്താവിനെ സംബന്ധിച്ചുള്ള ഈ വിവരങ്ങള്‍ തന്റെ മാതാപിതാക്കളോട് പോലും പറയാൻ തനിക്ക് ധൈര്യമുണ്ടായിരുന്നില്ലെന്ന് സ്വീറ്റി പറയുന്നു. എന്നാല്‍, നിലവിലെ സാഹചര്യങ്ങള്‍ മൂലം ഇതെല്ലാം സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുപറയാൻ താൻ നിർബന്ധിതയായിരിക്കുകയാണെന്നും അവർ പറഞ്ഞു.
ലളിതമായ നടപടിക്രമങ്ങളിലൂടെ ദീപക് ഹൂഡയില്‍നിന്ന് വിവാഹമോചനമാണ് തനിക്ക് വേണ്ടതെന്നും അദ്ദേഹത്തില്‍നിന്ന് ഒരു രൂപപോലും വേണ്ടെന്നും സ്വീറ്റി ബൂറ പറയുന്നു. ”ഞാൻ ചെലവഴിച്ചതെല്ലാം എന്റെ പണമാണ്. ഒരൊറ്റ പൈസ പോലും അദ്ദേഹത്തോട് ചോദിച്ചിട്ടില്ല. 2015-ല്‍ ഞങ്ങള്‍ രണ്ടുപേരും ആദ്യമായി കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ഒരു ശൗചാലയം പോലും ഉണ്ടായിരുന്നില്ല. ഞാൻ കുറേ മെഡലുകള്‍ നേടി. പക്ഷേ, അദ്ദേഹത്തിന് എന്നെപ്പോലെ വിജയിക്കാനായില്ല”, സ്വീറ്റി ബൂറ പറഞ്ഞു.
ഭർത്താവായ ദീപക് ഹൂഡയെ സ്വീറ്റി ബൂറ പോലീസ് സ്റ്റേഷനില്‍വെച്ച് മർദിക്കുന്നതിന്റെ വീഡിയോ അടുത്തിടെ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ദമ്പതിമാർ തമ്മിലുള്ള പ്രശ്നങ്ങളെത്തുടർന്ന് പോലീസ് മധ്യസ്ഥചർച്ചയ്ക്ക് വിളിച്ചപ്പോഴാണ് സ്വീറ്റി ബൂറ ഭർത്താവിനെ മർദിച്ചത്. സംഭവത്തില്‍ ദീപക്കിന്റെ പരാതിയില്‍ സ്വീറ്റിയ്ക്കും ബന്ധുക്കള്‍ക്കും എതിരേ പോലീസ് കേസെടുത്തിരുന്നു.
ദീപക് ഹൂഡയ്ക്കെതിരേ സ്വീറ്റി ബൂറ നേരത്തെ സ്ത്രീധനപീഡനത്തിന് പരാതി നല്‍കിയിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് നിരന്തരം മർദിച്ചെന്നായിരുന്നു സ്വീറ്റി ബൂറയുടെ പരാതി. ഇതിനുപിന്നാലെയാണ് പോലീസ് ഇരുവരെയും ചർച്ചയ്ക്കായി വിളിച്ചുവരുത്തിയത്. 2022-ലായിരുന്നു ബോക്സിങ് താരമായ സ്വീറ്റി ബൂറയുടെയും കബഡി താരമായ ദീപക് ഹൂഡയുടെയും വിവാഹം.
Leave a Reply