തിരുവനന്തപുരം: സ്വന്തം അനുജന്റെ കൊലപാതകരെ നിയമത്തിന് മുന്നിലെത്തിക്കാന്‍ കഴിഞ്ഞ 763 ദിവസമായി സെക്രട്ടേറിയേറ്റിനു മുന്നില്‍ സമരം തുടരുന്ന ശ്രീജിത്തിനു പിന്തുണയുമായി സോഷ്യല്‍ മീഡിയ കൂട്ടായ്മകള്‍ തെരുവിലിറങ്ങി. ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത് ഹാഷ് ടാഗിലൂടെയാണ് സൈബര്‍ ലോകം ശ്രീജിത്തിനായി രംഗത്തിറങ്ങിയിരിക്കുന്നത്. നൂറുകണക്കിനാളുകള്‍ ഇതിനോടകം ശ്രീജിത്തിന് പിന്തുണയറിയിച്ച് സെക്രട്ടേറിയേറ്റിന് മുന്നിലെ സമര പന്തലിലെത്തിക്കഴിഞ്ഞു. ചലച്ചിത്രതാരം ടോവീനോ തോമസ് ഉള്‍പ്പെടെയുള്ളവര്‍ സമരപ്പന്തലിലെത്തി.

അനുജന്റെ ലോക്കപ്പ് മരണത്തിന് ഉത്തരവാദികളായ പൊലീസുകാരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്ത് ആരംഭിച്ച പോരാട്ടം ഏതാണ്ട് രണ്ടര വര്‍ഷത്തിലധികമായി തുടരുകയാണ്. പൊലീസ് ഉദ്യോഗസ്ഥന്റെ ബന്ധുവായ പെണ്‍കുട്ടിയെ സ്നേഹിച്ചതിന്റെ പേരിലായിരുന്നു ശ്രീജിവിനെ പൊലീസുകാര്‍ ലോക്കപ്പില്‍ വച്ച് മര്‍ദിച്ചു കൊന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ശ്രീജിത്തിന്റെ നിരാഹാര സമരവാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലൂടെ വന്‍ വാര്‍ത്ത പ്രാധ്യാന്യം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നിരവധി പേരാണ് സമരപന്തലിലെത്തി ശ്രീജിത്തിനെ സന്ദര്‍ശിച്ചുകൊണ്ടിരിക്കുന്നത്.

ട്രോള്‍ ഗ്രൂപ്പുകള്‍ തുടങ്ങി നിരവധി ഫേസ്ബുക്ക് കൂട്ടായ്മകളും വ്യക്തികളും സമരപ്പന്തലിലേക്ക് ഒഴുകി എത്തുകയാണ്. അതേ സമയം കേസ് അന്വേഷിക്കണമെന്ന ആവശ്യം സി.ബി.ഐ തള്ളിയിരുന്നു. ഡിസംബര്‍ 12നാണ് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം സംസ്ഥാന സര്‍ക്കാറിന് ഇക്കാര്യം വ്യക്തമാക്കി കത്തു നല്‍കിയത്.