ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
യു കെ :- സെക്കൻഡറി സ്കൂളിലെ ആദ്യദിവസം തന്നെ പതിനൊന്നുകാരനായ ജെയ് ലൻ മേയ് സന് സമ്മാനിച്ചത് വേദനിപ്പിക്കുന്ന ഓർമ്മകളാണ്. ജെയ് ലന്റെ മുടി മുറിച്ചത് ശരിയായ രീതിയിൽ അല്ലെന്നും സ്കൂളിന്റെ പോളിസിക്ക് അനുയോജ്യമല്ലെന്നും ആരോപിച്ചാണ് കുട്ടിയെ അധ്യാപകൻ ക്ലാസിൽ ഒറ്റപ്പെടുത്തുകയും പുറത്താക്കുകയും ചെയ്തതെന്ന് മാതാവ് എയ്‌മി മേയ്സൺ വ്യക്തമാക്കി. എന്നാൽ യഥാർത്ഥ കാരണം വംശീയ വിവേചനമാണെന്നും, ആഫ്രിക്കയിലെ ജനങ്ങളുടെ മുടിയെ കുറിച്ച് ധാരണയില്ലാതെയാണ് അധ്യാപകൻ സംസാരിച്ചതെന്നും അവർ ആരോപിച്ചു. 11 വയസ്സുള്ള തന്റെ കുട്ടി സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നത് കണ്ട് താൻ തകർന്നുപോയെന്നും ഈ അനുഭവത്തിൽ വളരെയധികം വിഷമം ഉണ്ടായെന്നും 32 കാരിയായ എയ്മി മേസൺ പറഞ്ഞു.റോബർട്ട് ക്ലാക്ക് സ്‌കൂളിലെ ആദ്യ ദിവസം പോകുവാൻ തന്റെ മകൻ പരിഭ്രാന്തനായിരുന്നുവെങ്കിലും, തന്റെ സുഹൃത്തുക്കളെ കാണാനും പുതിയ സ്‌കൂളിൽ പഠനം തുടങ്ങാനും ജെയ്‌ലൻ ആവേശഭരിതനായിരുന്നുവെന്ന് എയ്‌മി പറഞ്ഞു.
എന്നാൽ ജെയ് ലനെ ആദ്യ ദിവസം തന്നെ ക്ലാസിൽ നിന്ന് ഒഴിവാക്കുകയും , പിന്നീട് സുഹൃത്തുക്കളിൽ നിന്നും അധ്യാപകരിൽ നിന്നും അകന്ന് സ്കൂളിലെ ‘ലേണിംഗ് റിസോഴ്സ് സെന്ററിൽ’ ജെയ് ലന് ചെലവഴിക്കേണ്ടി വന്നതായും ആണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ സ്കൂളിന്റെ ഭാഗത്തുനിന്നും ഉണ്ടായ ഈ അനുഭവത്തിന് സ്കൂൾ അധികൃതർ മാപ്പ് ചോദിച്ചു. കുടുംബവുമായി സംസാരിച്ച ഒരു ധാരണയിൽ എത്തിയതായും ഇത്തരം ഒരു തീരുമാനം സ്കൂളിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും ഹെഡ് ടീച്ചർ റസ്സൽ ടൈലർ വ്യക്തമാക്കി.
Leave a Reply