ന്യൂസ് ഡെസ്ക് മലയാളം യുകെ
ലിവർപൂൾ : ലിവർപൂളിൽ പന്ത്രണ്ടുകാരിയെ കുത്തിക്കൊന്ന കേസിലെ പ്രതിയായ പതിനാലുകാരൻ കോടതിയിൽ കുറ്റം നിഷേധിച്ചു. നവംബർ 25 ന് സുഹൃത്തുക്കളോടൊപ്പം സിറ്റി സെന്ററിലെത്തിയ ഏവ മരിയ (12) യാണ് പതിനാലുകാരന്റെ കത്തിക്കിരയായത്. കഴുത്തിൽ മാരകമായി കുത്തേറ്റ ഏവ, ആൽഡർ ഹേ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ വെച്ച് മരിച്ചു. നോട്രെ ഡാം കാത്തലിക് കോളേജിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയായിരുന്നു ഏവ.

ലിവർപൂൾ ക്രൗൺ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് പ്രതി കൊലപാതക കുറ്റം നിഷേധിച്ചത്. എന്നാൽ മാരകായുധം കൈവശം വെച്ചതായി പ്രതി സമ്മതിച്ചു. കേസിലെ വിചാരണ മെയ് 9ന് ആരംഭിക്കുമെന്ന് ജഡ്ജി അറിയിച്ചു. അരമണിക്കൂറോളം നീണ്ടുനിന്ന വാദം കേൾക്കാനായി ഏവയുടെ കുടുംബാംഗങ്ങൾ കോടതിയിലെത്തിയിരുന്നു. ഏവയുടെ മരണത്തിൽ കുടുംബം പൂർണമായി തകർന്നുപോയെന്ന് പിതാവ് റോബർട്ട് മാർട്ടിൻ കണ്ണീരോടെ പറഞ്ഞു.

ഏവയുടെ മരണത്തെ തുടർന്ന് മൂന്ന് ആൺകുട്ടികളാണ് പോലീസ് പിടിയിലായത്. 16 വയസുള്ള ആൺകുട്ടിയെ ജാമ്യത്തിൽ വിട്ടയച്ചു. 14കാരനെ അന്വേഷണ വിധേയമായി വിട്ടയച്ചുവെന്നും 13കാരനെതിരെ തുടർ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും മെർസിസൈഡ് പോലീസ് വ്യക്തമാക്കി.











Leave a Reply