സ്വന്തം ലേഖകൻ

ലണ്ടൻ : രണ്ട് മീറ്റർ സാമൂഹിക അകലം പാലിക്കുന്ന നടപടി ലഘൂകരിച്ചില്ലെങ്കിൽ 3.5 ദശലക്ഷം ജോലികൾ അപകടത്തിലാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ പ്രധാനമന്ത്രി ഉത്തരവിട്ടു. നിയന്ത്രണങ്ങൾ ലഘൂകരിച്ചില്ലെങ്കിൽ 3.5 ദശലക്ഷം ജോലികൾ അപകടത്തിലാണെന്ന് ഇമ്രാൻ ഖാൻ ഉൾപ്പെടെയുള്ള കൺസർവേറ്റീവ് എംപിമാർ പറഞ്ഞിരുന്നു. രോഗവ്യാപനം കുറയുന്നതിനാൽ ഇത് പരിഗണിക്കാവുന്നതാണെന്ന് ഡൊമിനിക് റാബ് അഭിപ്രായപ്പെട്ടു. സർക്കാർ മാർഗ്ഗനിർദേശപ്രകാരം പൊതുജനങ്ങൾ എല്ലായിടത്തും 2 മീറ്റർ അകലം പാലിക്കേണ്ടതുണ്ട്. ജോലി സ്ഥലത്തും കടകളിലും മറ്റും 6.5 അടി അകലം പാലിക്കുന്നത് ബുദ്ധിമുട്ട് ഉളവാക്കുന്നു.

ഫ്രാൻസ്, ഡെൻമാർക്ക്, സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽ ഒരു മീറ്റർ സാമൂഹിക അകലം ആണ് നടപ്പിലാക്കുന്നത്. “കുറഞ്ഞത്” ഒരു മീറ്ററെങ്കിലും ദൂരം നിലനിർത്താൻ ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നു. ഈ വിഷയത്തിൽ കൂടുതൽ തീരുമാനം വരും ആഴ്ചകളിൽ നടപ്പിലാക്കുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് വക്താവ് അറിയിച്ചു. തീരുമാനങ്ങൾ ഉടൻ പ്രസിദ്ധീകരിക്കണമെന്ന് നിരവധി കൺസർവേറ്റീവ് എംപിമാർ ആവശ്യപ്പെട്ടു. ലോക്ക്ഡൗൺ ലഘൂകരിക്കുന്നതിന്റെ അടുത്ത ഘട്ടമായി ജൂലൈ 4 ന് വീണ്ടും തുറക്കുന്ന പബ്ബുകൾ റെസ്റ്റോറന്റുകൾ പോലുള്ളവയ്ക്ക് തയ്യാറാകാൻ സമയം ആവശ്യമാണെന്നും അവർ അറിയിച്ചു. നിയന്ത്രണം ഒരു മീറ്ററായി കുറച്ചാൽ അത് ബിസിനസുകൾക്ക് കൂടുതൽ ഗുണം ചെയ്യും.

ഇത് ആയിരക്കണക്കിന് ജോലികളെ സംരക്ഷിക്കുമെന്നും കൂടുതൽ വിദ്യാർത്ഥികളെ സ്കൂളുകളിലേയ്ക്ക് തിരികെ പോകാൻ അനുവദിക്കുമെന്നും എംപിമാർ വാദിക്കുന്നു. “മറ്റെല്ലാ രാജ്യങ്ങളും ചെറിയ സാമൂഹിക അകലമാണ് പാലിക്കുന്നതെന്ന് കോമൺസ് സയൻസ് ആൻഡ് ടെക്നോളജി കമ്മിറ്റി ചെയർമാനായ മുൻ കൺസർവേറ്റീവ് മന്ത്രി ഗ്രെഗ് ക്ലാർക്ക് പറഞ്ഞു. പബ്ബുകൾ, കഫേകൾ, റെസ്റ്റോറന്റുകൾ, നിർമ്മാണ വ്യവസായങ്ങൾ എന്നിവിടങ്ങളിലെ തൊഴിലാളികൾ, സ്കൂളിൽ പോകുന്ന കുട്ടികൾ, കോളേജുകളിലും സർവകലാശാലകളിലുമുള്ള ചെറുപ്പക്കാർ എന്നിവരുടെ ഭാവി ഈ തീരുമാനത്തെ ആശ്രയിച്ചിരിക്കുന്നു. , “ഇപ്പോൾ സർക്കാർ തീരുമാനമെടുക്കേണ്ട സമയമായി” എന്ന് മുൻ മന്ത്രി ടോബിയാസ് എൽ‌വുഡ് അഭിപ്രായപ്പെട്ടു.