ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- മലയാളി സമൂഹത്തെ മുഴുവൻ ആശങ്കയിലാഴ്ത്തിയ വിധിയായിരുന്നു കഴിഞ്ഞദിവസം ബ്രിട്ടീഷ് കോടതി പുറപ്പെടുവിച്ചത്. സ്വന്തം കാമുകിയുമായി പ്രണയത്തിലായ യുവാവിനെ സ്നാപ്പ് ചാറ്റിലൂടെ മെസ്സേജ് അയച്ചു വിളിച്ചുവരുത്തി കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച മലയാളി യുവാവിന് ജീവപര്യന്തം ശിക്ഷയാണ് കഴിഞ്ഞദിവസം കോടതി വിധിച്ചത്. പതിനാറുകാരനായ കെവിൻ ബിജിയാണ് കാമുകിയുടെ പേരിൽ അവളുടെ സുഹൃത്തിന് മെസ്സേജ് അയച്ചു ക്ഷണിച്ചുവരുത്തി കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്.

ഇക്കഴിഞ്ഞ ഏപ്രിലിൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. രണ്ട് ആൺകുട്ടികളും ഒരേ സിക്സ്ത് ഫോം കോളേജിലാണ് പഠിച്ചതെന്ന് കോടതി വാദം കേട്ടു. ഇരുവരും ഒരേ പെൺകുട്ടിയുമായി ഡേറ്റിംഗ് നടത്തുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചത്. പെൺകുട്ടിയുടെ അക്കൗണ്ടിൽ നിന്നും ലൈംഗികബന്ധത്തിന് ക്ഷണിച്ചു കൊണ്ടുള്ള സ്‌നാപ്ചാറ്റ് സന്ദേശം ഇരയായ ആൺകുട്ടിക്ക് ലഭിക്കുമ്പോൾ അവൻ വീട്ടിലായിരുന്നു. ലിവർപൂളിലെ എയ്ഗ്ബർത്തിലെ ഹെയിൽഷാം റോഡിൽ നിന്ന് മാറിയുള്ള ഒരു സൈഡ് സ്ട്രീറ്റിലാണ് ഇരുവരും കണ്ടുമുട്ടാൻ തീരുമാനിച്ചത്. എന്നാൽ തന്റെ പദ്ധതി നടപ്പിലാക്കുവാൻ മുഖംമൂടി ധരിച്ചെത്തിയ ബിജി ഉടൻതന്നെ വെട്ടുകത്തിയെടുത്ത് ആൺകുട്ടിക്ക് മേൽ കുത്തുകയായിരുന്നു. അതെന്റെ പെണ്ണാണ് എന്ന് ആരോപിച്ചായിരുന്നു ആക്രമണം നടത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇരയായ ആൺകുട്ടി തന്റെ സൈക്കിൾ ഉപയോഗിച്ച് ചെറുത്തുനിൽക്കുവാൻ ശ്രമിച്ചെങ്കിലും കുത്തേറ്റു. നെഞ്ചിൽ രണ്ടു തവണ കുത്ത് കിട്ടി വീണെങ്കിലും എഴുന്നേറ്റത്തിന് ശേഷം തന്റെ സൈക്കിളിൽ ഇവിടെ നിന്ന് രക്ഷപ്പെടുവാൻ ഇരയായ ആൺകുട്ടിക്ക് സാധിച്ചു. ഐൻട്രീ ഹോസ്പിറ്റലിൽ എത്തിച്ചു ഇരയെ അടിയന്തര ശസ്ത്രക്രിയ നടത്തിയാണ് ജീവൻ നിലനിർത്തുവാൻ സാധിച്ചത്. ആയുധം ഹൃദയത്തിൻ്റെ മെംബറേനിൽ തുളച്ചുകയറിയതായി ഡോക്ടർമാർ കണ്ടെത്തി.


സാധാരണയായി ഇത്തരം പ്രായത്തിൽ കുറ്റകൃത്യങ്ങൾ നടത്തുന്നവരുടെ പേരുകൾ മാധ്യമങ്ങളിൽ പ്രദർശിപ്പിക്കാറില്ല. എന്നാൽ കുറ്റകൃത്യത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് ജഡ്ജി തന്നെയാണ് പ്രതിയുടെ പേര് മാധ്യമങ്ങൾക്ക് മുൻപിൽ നൽകുവാൻ ഉത്തരവിട്ടത്. ആസൂത്രണം ചെയ്ത് ഇരയെ ബോധപൂർവ്വം കെണിയിൽ വീഴ്ത്തിയുള്ള കുറ്റകൃത്യമാണെന്ന് കോടതി വിലയിരുത്തി. ഭാഗ്യം കൊണ്ടും ശസ്ത്രക്രിയ കൃത്യസമയത്ത് നടന്നതു കൊണ്ടും മാത്രമാണ് ഇരയ്ക്ക് ജീവൻ തിരികെ ലഭിച്ചതെന്നും കോടതി കണ്ടെത്തി. 2022 ൽ പതിനാല് വയസ്സ് പ്രായമുള്ളപ്പോൾ മാത്രവും പ്രതി ഇത്തരത്തിൽ മറ്റൊരു ആക്രമണ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കോടതി കണ്ടെത്തി. അതിനാലാണ് ജീവപര്യന്തം ശിക്ഷ കോടതി വിധിച്ചത്. മലയാളി സമൂഹത്തെ ആകെ നാണക്കേടിലും ആശങ്കയിലും ആഴ്ത്തിയ ഒരു സംഭവമാണ് കടന്നുപോയത്.