ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബീച്ചിൽ യുവതി കുത്തേറ്റ് മരിച്ച സംഭവത്തിൽ 17 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ബോൺമൗത്ത് ബീച്ചിലാണ് ദാരുണ സംഭവം നടന്നത്. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ദൃക്സാക്ഷികളായിട്ടുള്ളവർ വിവരം കൈമാറണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.

34 വയസ്സുകാരിയായ യുവതി സംഭവസ്ഥലത്ത് വച്ചു മരിച്ചിരുന്നു. 38 വയസ്സുള്ള മറ്റൊരു സ്ത്രീയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് . വെള്ളിയാഴ്ച അർദ്ധരാത്രിക്ക് മുൻപ് ഡർലി ചൈൻ ബീച്ചിലാണ് 17 വയസ്സുകാരനായ കൗമാരക്കാരൻ ആക്രമണം അഴിച്ചുവിട്ടത്. സംഭവത്തെ തുടർന്ന് പോലീസ് അന്വേഷണം നടക്കുന്നതിനാൽ ബീച്ച് അടച്ചിട്ടിരിക്കുകയാണ്.


കൗമാരക്കാരനായ പ്രതി ലങ്കാ ഷെയറിൽ നിന്നുള്ള ആളാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തെകുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് ഡിറ്റക്ടീവ് സൂപ്രണ്ട് റിച്ചാർഡ് ഡിക്‌സെ പറഞ്ഞു. ഡർലി ചൈൻ ബീച്ച് ബോൺമൗത്തിൻ്റെ പടിഞ്ഞാറ് ഭാഗത്തുള്ള കടൽത്തീരമാണ്.