ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ചാനല്‍ കടന്നെത്തുന്ന അനധികൃത കുടിയേറ്റക്കാരെ ആഫ്രിക്കൻ രാജ്യമായ റുവാന്‍ഡയിലേക്ക് അയക്കാനുള്ള ബ്രിട്ടന്റെ പദ്ധതി അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമെന്ന് യുഎൻ അഭയാർത്ഥി ഏജൻസി. ഈ പദ്ധതി സ്വീകാര്യമല്ലെന്നും അവർ കൂട്ടിച്ചേർത്തു. £120 മില്യൺ പൈലറ്റ് സ്കീമിന് കീഴിൽ, ജനുവരി 1 മുതൽ യുകെയിൽ നിയമവിരുദ്ധമായി പ്രവേശിക്കുന്ന ആളുകളെ റുവാണ്ടയിലേക്ക് അയക്കും. അനധികൃതമായി എത്തിയവരുടെ അപേക്ഷയില്‍ സര്‍ക്കാര്‍ തീരുമാനം ആകും വരെ ഇവരെ താമസിപ്പിക്കുവാന്‍ റുവാണ്ടയുമായി ബ്രിട്ടന്‍ കരാറിലെത്തിയിരിക്കുകയാണ്.

പദ്ധതിയുടെ ഭാഗമായി നോര്‍ത്ത് യോര്‍ക്ക് ഷയറില്‍ അനധികൃത കുടിയേറ്റക്കാര്‍ക്കായി മൈഗ്രന്റ് പ്രൊസസിംഗ് സെന്റര്‍ ആരംഭിക്കും. ഇവിടെയെത്തിച്ചതിനു ശേഷമായിരിക്കും റുവാന്‍ഡയിലെ ക്യാമ്പിലേക്ക് മാറ്റുക. എന്നാൽ സർക്കാരിന്റെ ഈ പദ്ധതിക്കെതിരെ കടുത്ത ജനരോക്ഷം ഉയരുന്നുണ്ട്. 160-ലധികം ചാരിറ്റികളും പ്രചാരണ ഗ്രൂപ്പുകളും പദ്ധതി ഉപേക്ഷിക്കാൻ സർക്കാരിനോട് അഭ്യർത്ഥിച്ചു. പ്രതിപക്ഷ പാർട്ടികളും ചില കൺസർവേറ്റീവ് എംപിമാരും നയത്തെ വിമർശിച്ചു.

റുവാണ്ടയിലെ നിയമവിരുദ്ധമായ കൊലപാതകങ്ങൾ, കസ്റ്റഡി മരണങ്ങൾ, തിരോധാനങ്ങൾ, പീഡനങ്ങൾ, പൗര, രാഷ്ട്രീയ അവകാശങ്ങൾക്കുള്ള നിയന്ത്രണങ്ങൾ എന്നിവയെപറ്റി യുകെ സർക്കാർ യുഎന്നിൽ ആശങ്ക ഉന്നയിച്ചിരുന്നു. എന്നാൽ ഇപ്പോൾ റുവാണ്ട ഒരു പുരോഗമന രാജ്യമാണെന്നാണ് ബ്രിട്ടന്റെ വാദം. പദ്ധതി നടപ്പിലായാൽ ഇംഗ്ലീഷ് ചാനല്‍ കടന്നെത്തുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണം കുറയും എന്നാണ് ബ്രിട്ടന്‍ പ്രതീക്ഷിക്കുന്നത്.