ന്യൂസ് ഡെസ്ക്, മലയാളം യുകെ

കെൻ്റിലെ വിറ്റ്സ്റ്റേബിളിൽ യുവ ഡ്രൈവർ ഓടിച്ചിരുന്ന കാർ കാൽനട യാത്രക്കാർക്ക് ഇടയിലേയ്ക്ക് ഇടിച്ചു കയറി രണ്ട് വയസ്സുകാരനായ ആൺകുട്ടി കൊല്ലപ്പെട്ടു. സംഭവത്തിൽ മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ച വൈകിട്ട് 8 മണിക്ക് നടന്ന അപകടത്തെ തുടർന്ന് ഉടനെ തന്നെ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആൺകുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പോലീസ് പറഞ്ഞു. കുട്ടിയുടെ അടുത്ത ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്. അപകടകരമായ ഡ്രൈവിംഗ് വഴി മരണത്തിന് കാരണമായെന്ന് സംശയിക്കുന്ന 20 വയസ്സുള്ള ഒരാളെ സംഭവസ്ഥലത്ത് അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ഇയാൾ നിലവിൽ പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്. സാക്ഷികളോ സിസിടിവി അല്ലെങ്കിൽ ഡാഷ്‌ക്യാം ദൃശ്യങ്ങളോ ഉള്ളവർ ബന്ധപ്പെടണമെന്ന് കെന്റ് പോലീസ് അഭ്യർത്ഥിച്ചു. വിനോദ സഞ്ചാരികൾക്കിടയിൽ ജനപ്രിയമായ ഒരു കടൽത്തീര റിസോർട്ടായ വൈറ്റ്‌സ്റ്റബിൾ വേനൽക്കാലത്ത് പ്രത്യേകിച്ചും തിരക്കേറിയതാണ്.


ആദ്യമായി ലൈസൻസ് എടുക്കുന്നവർ വഴി ഉണ്ടാകുന്ന അപകടങ്ങൾ കൂടി വരികയാണെന്നത് ഔദ്യോഗിക തലത്തിൽ നേരത്തെ തന്നെ ചർച്ച ചെയ്യുന്ന വിഷയമാണ്. സർക്കാരിൻറെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം യുകെയിൽ റോഡ് അപകടത്തിൽ നാലിലൊന്നിലും ഉൾപ്പെടുന്നത് ആദ്യമായി ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നവർ ഓടിക്കുന്ന വാഹനങ്ങളാണ്. 17 നും 24 നും ഇടയിൽ പ്രായമുള്ള പുരുഷ ഡ്രൈവർമാർ മറ്റേതൊരു പ്രായ വിഭാഗത്തേക്കാളും കൂടുതൽ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് . സ്വന്തം പ്രായത്തിലുള്ള യാത്രക്കാരുള്ളപ്പോൾ യുവ ഡ്രൈവർമാർ റോഡിൽ അപകടസാധ്യതകൾ ഉണ്ടാക്കുകയോ അപകടത്തിൽപ്പെടുകയോ ചെയ്യുന്നതാണ് ഇതിന് കാരണമെന്ന് റോഡ് സുരക്ഷാ ചാരിറ്റി ബ്രേക്ക് പറഞ്ഞു. ഈ സാഹചര്യത്തിൽ പ്രാക്ടിക്കൽ ടെസ്റ്റ് പാസായ യുവ ഡ്രൈവർമാർ സമപ്രായക്കാരായ യാത്രക്കാരെ കയറ്റരുത് എന്നതു പോലുള്ള നിയമങ്ങൾ അവതരിപ്പിക്കുന്നതിന് സർക്കാരിനു മേൽ കടുത്ത സമ്മർദ്ദം ഉണ്ടായിരുന്നു.