ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്ത്യക്കാർക്ക് അഭിമാനത്തിന് വക നൽകുന്ന ദിനമായിരുന്നു ജൂൺ 25. ബ്രിട്ടണിലെ സ്കൂൾ കുട്ടികൾ ദേശഭക്തിഗാനം ഒന്നിച്ചാലപിച്ചപ്പോൾ കാഷ് സിംഗ് എന്ന ഇന്ത്യക്കാരൻ്റെ പ്രയത്നങ്ങൾക്ക് കിട്ടിയ അംഗീകാരമാണത്.

മുൻ പൊലീസ് ഓഫിസറായ കാഷ് സിംഗ് ഇംഗ്ലണ്ടിലെ ബ്രാഡ്ഫോർഡിലാണ് വൺ ബ്രിട്ടൺ വൺ നേഷൻ ക്യാമ്പയിന് തുടക്കമിട്ടത്. വെസ്റ്റ് യോർക്ക് ഷെയർ പോലീസിൽ ഇൻസ്പെക്ടർ റാങ്കിൽ ജോലി ചെയ്തിരുന്ന കാഷ് സിംഗിൻ്റെ സേവനങ്ങൾ സേനയിലായിരിക്കുമ്പോൾ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ട് ദശകങ്ങൾക്ക് മുമ്പ് ബ്രിട്ടണിലെ ഏറ്റവും കൂടുതൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടെന്ന കുപ്രസിദ്ധി ഉണ്ടായിരുന്ന മാനിംഗ്ഹാം പ്രദേശത്തെ ക്രൈം നിരക്ക് കാഷ് സിംഗിൻ്റെ ശ്രമഫലമായി ബ്രാഡ് ഫോർഡ് ഡിസ്ട്രിക്കിലെ ഏറ്റവും കുറഞ്ഞ നിരക്കിലേയ്ക്ക് താഴുന്നത് ബ്രിട്ടൻ മുഴുവൻ അത്ഭുതത്തോടെയാണ് കണ്ടത് . മാനിംഗ്ഹാം പ്രദേശത്തെ ക്രമസമാധാന പ്രശ്നങ്ങൾ പരിഹരിക്കാൻ നിയുക്തനായ കാഷ് സിംഗ് 13500ഓളം ആളുകളോടാണ് നേരിട്ട് സംവേദിച്ചത്. ബ്രിട്ടീഷ് ഇന്ത്യൻ അസോസിയേഷൻ്റെ സ്ഥാപകനായ കാഷ് സിംഗ് നിലവിൽ ഇതിൻ്റെ ചെയർമാനായി സേവനം അനുഷ്ഠിക്കുകയാണ്.