അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
2020 വിടപറയുന്നു . 2021 -നെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ തന്നെ 2020 ൻെറ ആദ്യം മുതൽ പടർന്നുപിടിച്ച മഹാമാരിയും കൂട്ടത്തിലുണ്ട് . ലോകമൊട്ടാകെ പടർന്നുപിടിച്ച കോവിഡ്-19 ന് സമാനമായ പകർച്ചവ്യാധികൾ ചരിത്രത്തിലില്ല. ഒട്ടുമിക്ക രാജ്യങ്ങളും പലപ്പോഴായി വൈറസ് വ്യാപനത്തെ തടയാൻ ലോക്ക്ഡൗൺ ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
മലയാളം യുകെ ഈ പുതുവർഷത്തിൽ വായനക്കാർക്ക് പരിചയപ്പെടുത്തുന്നത് എട്ടുവയസുള്ള ബോൾട്ടണിൽ നിന്നുള്ള മിലൻ കുമാറിനെയാണ്. ലോക്ക്ഡൗൺ കാലത്ത് മിലൻ കുമാർ വായിച്ചത് 50 പുസ്തകങ്ങളാണ്. വായന മാത്രമല്ല, അതിനുശേഷം ഈ കൊച്ചുമിടുക്കൻ ഒരു പുസ്തകം എഴുതുക കൂടി ചെയ്തു. പുസ്തകങ്ങളിൽ നിന്നുള്ള വരുമാനം ദേശീയ സാക്ഷരത ട്രസ്റ്റിൻെറ പ്രവർത്തനങ്ങൾക്ക് നൽകാനുള്ള തീരുമാനത്തെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രശംസിച്ചത് ഒരു വലിയ അംഗീകാരമാണെന്ന് മിലൻ പറഞ്ഞു. ലോക്ക് ഡൗൺ സമയത്തെ വെറും മൂന്നുമാസത്തിനുള്ളിൽ 50 പുസ്തകങ്ങൾ വായിച്ച് തീർത്ത മിലനെ തേടി ഡച്ചസ് ഓഫ് കോൺവാൾ ഉൾപ്പെടെയുള്ളവരുടെ അഭിനന്ദനപ്രവാഹം എത്തിയിരുന്നത് വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു.
യുകെയിലെ ആദ്യത്തെ ലോക്ക്ഡൗണിന് ശേഷം കൊച്ചുകുട്ടികളിൽ വിഷാദരോഗം പോലുള്ള മാനസിക പ്രശ്നങ്ങൾ വർദ്ധിക്കുന്നതായി പഠനത്തിൽ കണ്ടെത്തിയിരുന്നു . മെഡിക്കൽ റിസർച്ച് കൗൺസിലിലെ ഗവേഷകരാണ് കുട്ടികളിലും മാതാപിതാക്കളിലും അധ്യാപകരിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് ഗവേഷണം നടത്തിയത്. ലോക്ക്ഡൗൺ മാത്രമല്ല കോവിഡ് -19 പ്രതിരോധിക്കാനായി എടുത്തിരിക്കുന്ന സാമൂഹിക അകലം പാലിക്കൽ ഉൾപ്പെടെയുള്ള പല മുൻകരുതലുകളും കുട്ടികളുടെ മാനസിക ആരോഗ്യത്തെ വളരെ പ്രതികൂലമായി ബാധിച്ചു . എന്നാൽ തൻെറ നിശ്ചയദാർഢ്യം കൊണ്ട് എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് അതുല്യമായ നേട്ടം കൈവരിച്ച മിലൻ കുമാറിന് മലയാളംയുകെ ന്യൂസ് ടീമിൻെറ അഭിനന്ദനങ്ങൾ
Leave a Reply