ലണ്ടന്‍: റോഡുകളില്‍ സ്പീഡ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത് അമിത വേഗത പിടിക്കാനാണെന്ന് എല്ലാവര്‍ക്കുമറിയാം. ക്യാമറയുടെ പരിധിയിലല്ലാത്ത സ്ഥലങ്ങളില്‍ വേഗതയെടുക്കുന്നവരും അവയ്ക്ക് അടുത്തെത്തിയാല്‍ മര്യാദക്കാരായി മാറും. എന്നാല്‍ മഞ്ഞ ബോക്‌സുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഈ ക്യാമറകള്‍ അമിത വേഗത മാത്രമല്ല പിടിക്കുന്നത്. ഡ്രൈവിംഗുമായി ബന്ധപ്പെട്ടുള്ള നിയമ ലംഘനങ്ങളെല്ലാം ഇവ പിടികൂടുകയും അവയ്ക്ക് നിങ്ങള്‍ ശിക്ഷിക്കപ്പെടുകയും ചെയ്‌തേക്കാം. സീറ്റ്‌ബെല്‍റ്റുകള്‍ ധരിക്കാതിരിക്കുക, ഡ്രൈവിംഗിനിടയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം, നിമയവിരുദ്ധമായ നമ്പര്‍ പ്ലേറ്റുകള്‍ തുടങ്ങിയവയും ക്യാമറകളുടെ കണ്ണില്‍ പെടുമെന്ന് സാരം.

നോര്‍ത്ത് ഈസ്റ്റില്‍ 2015 ഓഗസ്റ്റിനും നവംബറിനുമിടയില്‍ 700 ഡ്രൈവര്‍മാരെയാണ് അമിത വേഗതയല്ലാത്ത കുറ്റങ്ങള്‍ക്ക് ക്യാമറകള്‍ പിടികൂടിയത്. സീറ്റ് ബെല്‍റ്റ് ധരിക്കാത്തതാണ് ഏറ്റവും കൂടുതല്‍ പിടികൂടിയ നിയമലംഘനം. 604 പേര്‍ ഈ കുറ്റത്തിന് പിടിയിലായതായി നോര്‍ത്തംബ്രിയ റോഡ് സേഫ്റ്റി ഇനിഷ്യേറ്റീവ് പറയുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് പിടിയിലായാല്‍ കഴിഞ്ഞ മാര്‍ച്ചില്‍ നിലവില്‍ വന്ന പുതിയ നിയമം അനുസരിച്ച് ആറ് പെനാല്‍റ്റി പോയിന്റുകളും 200 പൗണ്ടുമാണ് ശിക്ഷയായി ലഭിക്കുക. ലൈസന്‍സ് ലഭിച്ച് രണ്ട് വര്‍ഷത്തിനുള്ളിലാണ് പിടിക്കപ്പെടുന്നതെങ്കില്‍ അത് റദ്ദാകാനുള്ള സാധ്യതയും ഉണ്ട്.

നിയമം നടപ്പാക്കാന്‍ ഉപയോഗിക്കുന്ന ഏറ്റവും മികച്ച ഉപകരണങ്ങളിലൊന്നാണ് ക്യാമറയെന്ന് നോര്‍ത്തംബ്രിയ പോലീസ് ഓപ്പറേഷന്‍സ് ഹെഡ് സാറ പിറ്റ് പറയുന്നു. റോഡില്‍ അപകടകരമായി പെരുമാറുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ എടുക്കേണ്ടതുണ്ട്. നിയമങ്ങള്‍ അനുസരിക്കാനുള്ളവയാണ്. എന്നാല്‍ അവ ലംഘിക്കുന്നത് അപകടങ്ങള്‍ക്കും, മരണങ്ങള്‍ക്കു പോലും കാരണമാകുമെന്നും അവര്‍ പറഞ്ഞു.