മേപ്പാടിയിൽ കാട്ടു പന്നി കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ നാലരവയസുകാരന് ദാരുണാന്ത്യം. ഓടത്തോട് സ്വദേശികളായ സുധീർ-സുബൈറ ദമ്പതികളുടെ മകൻ മുഹമ്മദ് യാമിൻ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ നെടുങ്കരണയിൽ വെച്ചാണ് അപകടം നടന്നത്.

സുബൈറയും മകനും കടച്ചിക്കുന്നിലെ സ്വന്തം വീട്ടിൽ നിന്നും ഭർതൃ വീട്ടിലേക്ക് ഓട്ടോയിൽ വരുന്നതിനിടയിലാണ് അപകടം നടന്നത്. ഓട്ടോ നെടുങ്കരണയിൽ എത്തിയപ്പോൾ സമീപത്തെ തേയില തോട്ടത്തിൽ നിന്നും കാട്ടുപന്നി ഓട്ടോയ്ക്ക് കുറുകെ ചാടുകയായിരുന്നു. തുടർന്ന് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് യാമിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ അമ്മ സുബൈറയ്ക്കും സഹോദരൻ മുഹമ്മദ് ആമീനും പരിക്കേറ്റു . ഇവർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.