ന്യൂസ് ഡെസ്ക്, മലയാളം യുകെ

വോൾവർഹാംപ്ടണിലെ പാർക്കിന് സമീപം 19 വയസ്സുകാരൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ 12 വയസ്സുകാരായ രണ്ട് ആൺകുട്ടികൾ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. ഷോൺ സീസഹായ് എന്ന കൗമാരക്കാരനാണ് പ്രകോപനമൊന്നുമില്ലാതെ കുട്ടി കുറ്റവാളികളുടെ ആക്രമണത്തിന് ഇരയായത്.


പ്രായപൂർത്തിയാകാത്തതിനാൽ ഇവരുടെ പേരു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. നോട്ടിംഗ്ഹാം ക്രൗൺ കോടതിയിൽ നടന്ന വിചാരണയ്ക്കിടെ, ആൺകുട്ടികൾ പരസ്പരം കുറ്റപ്പെടുത്താൻ ആണ് ശ്രമിച്ചത് . പ്രതികളുടെ പ്രായം കണക്കിലെടുത്ത് വിചാരണയ്ക്കായി കോടതിയിൽ പ്രത്യേക ക്രമീകരണങ്ങൾ നടത്തിയിരുന്നു. ജഡ്ജിയും അഭിഭാഷകരും ഗൗണുകളും തൊപ്പികളും ധരിച്ചിരുന്നില്ല. പ്രതികളെ കോടതിയിൽ പ്രത്യേകം സജ്ജീകരിച്ച സ്ഥലത്ത് കുടുംബാംഗങ്ങൾക്ക് ഒപ്പം ഇരിക്കാൻ അനുവദിക്കുകയും ചെയ്തു.

ഇതിന് മുൻപ് 11 വയസ്സുകാരായ രണ്ട് ആൺകുട്ടികൾ കൊലപാതകത്തിൽ യുകെയിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. 1993 -ൽ റോബർട്ട് തോംസണും ജോൺ വെനബിൾസും ശിക്ഷിക്കപ്പെട്ടത് രണ്ടു വയസ്സുള്ള ഒരു കുഞ്ഞിനെ കൊലപ്പെടുത്തിയതിനാണ്.