രാഷ്ട്രപതി സ്ഥാനത്ത് ഇനി ഒരു മാസം മാത്രം ബാക്കി നില്‍ക്കെ പ്രണബ് മുഖര്‍ജി ഒരു ദയാഹര്‍ജി കൂടി തളളി. പൂനെ വിപ്രോ ബിപിഒ കോള്‍ സെന്റര്‍ ജീവനക്കാരിയായിരുന്ന ജ്യോതികുമാരിയുടെ കൊലപാതകികളുടെ ദയാഹര്‍ജിയാണ് തളളിയത്.
2007ല്‍ രാജ്യത്തെ നടുക്കിയ കാലപാതകത്തിലെ പ്രതികളായ പുരുഷോത്തം ബൊരാത്തെ, പ്രദീപ് കൊകാഡെ എന്നിവരെ ഔദ്യോഗിക ഉത്തരവ് ലഭിക്കുന്നതോടെ തൂക്കിലേറ്റുമെന്നാണ് വിവരം. മെയ് 12ന് ലഭിച്ച ദയാഹര്‍ജി പരിശോധനയ്ക്ക് ശേഷം മെയ് 26നാണ് തളളിയത്. ഇതോടെ അദ്ദേഹത്തിന്‍റെ കാലയളവില്‍ തള്ളിയ ദയാഹരജികളുടെ എണ്ണം 30 ആയി.
രാഷ്ട്രപതിയില്‍ നിന്നും നിര്‍ദേശം ലഭിക്കുന്നതോടെ വധശിക്ഷ നടപ്പിലാക്കാനുളള നടപടികളിലേക്ക് നീങ്ങുമെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വാര്‍ദ്ധക്യം ബാധിച്ച രക്ഷിതാക്കളെ നോക്കേണ്ടതുണ്ടെന്ന് കാട്ടിയാണ് 36കാരനായ പുരുഷോത്തമും 30കാരനായ പ്രദീപും ദയാഹര്‍ജി നല്‍കിയത്. എന്നാല്‍ ദയാഹര്‍ജി തളളിയതോടെ 1993ലെ മുംബൈ സ്ഫോടന പരമ്പരയിലെ പ്രതി യാക്കൂബ് മേമന് ശേഷം മഹാരാഷ്ട്രയില്‍ ഇവരെയായിരിക്കും തൂക്കിലേറ്റുക. 2015 ജൂലൈ 30നാണ് മേമനെ തൂക്കിലേറ്റിയത്.
ഗോരക്പൂര്‍ സ്വദേശിനിയായ 22കാരിയായ ജ്യോതികുമാരിയെ 2007 നവംബര്‍ 2നാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തലേന്ന് രാത്രി 10 മണിയോടെ വിപ്രോയില്‍ നിന്നും വിരമിച്ച ജ്യോതികുമാരിയെ കമ്പനി ഡ്രൈവറായ പുരുഷോത്തമും സുഹൃത്തായ പ്രദീപും കാറില്‍ കൊണ്ടുപോയി പീഡിപ്പിച്ച് കൊല്പപെടുത്തുകയായിരുന്നു.
ജ്യോതികുമാരിയുടെ കഴുത്തില്‍ ഷാള്‍ മുറുക്കിയാണ് ഇവര്‍ കൊലപ്പെടുത്തിയത്. കൊലയ്ക്ക് മുമ്പ് കൈത്തണ്ട ബ്ലേഡ് ഉപയോഗിച്ച് മുറിക്കുകയും തല കല്ലില്‍ ഇടിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. പിറ്റേന്ന് രാവിലെ ഗഹൂഞ്ചെയില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
2012ല്‍ ഇന്‍ഡോറില്‍ നാല് വയസുള്ള ബാലികയെ മൂന്ന് പേര്‍ കൂട്ടബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയ കേസിലെയും ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു. ഭരണഘടനയിലെ 72ആം വകുപ്പ് പ്രകാരമാണ് രാഷ്ട്രപതി ദയാഹരജികള്‍ പരിഗണിക്കുന്നത്. സര്‍ക്കാരിന്‍റെ ഉപദേശം കൂടി പരിഗണിച്ച് രാഷ്ട്രപതി ദയാഹരജികളില്‍ തീരുമാനമെടുക്കുന്നു. ഏറ്റവും അധികം ദയാഹരജികള്‍ തള്ളിയത് മുന്‍രാഷ്ട്രപതി ആര്‍ വെങ്കട്ടരാമന്‍റെ കാലത്താണ്. 44 ഹരജികള്‍ അദ്ദേഹം തള്ളി. കെ ആര്‍ നാരായണന്‍ ഒരു ദയാഹരജിയും പരിഗണിച്ചില്ല. എപിജെ അബ്ദുല്‍ കലാം 24 അപേക്ഷകളില്‍ രണ്ടെണ്ണത്തില്‍ മാത്രം തീര്‍പ്പുകല്‍പിച്ചു. പ്രതിഭാ പാട്ടീലാകട്ടെ 30 അപേക്ഷകളില്‍ ഇളവ് നല്‍കി
Leave a Reply