സ്വന്തം ലേഖകൻ

ബ്രസീൽ :- കൊറോണ ബാധയുടെ പുതിയ പ്രഭവ കേന്ദ്രമായി സൗത്ത് അമേരിക്കൻ രാജ്യമായ ബ്രസീൽ മാറിക്കഴിഞ്ഞിരിക്കുന്നു. കൊറോണ ബാധ മൂലം മരിച്ചയാളുടെ മൃതദേഹം 30 മണിക്കൂറിലേറെയായി റിയോ ഡി ജനീറോയുടെ തെരുവിൽ കിടന്നതായി കണ്ടെത്തിയത് ലോകമനഃസാക്ഷിയെ ഞെട്ടിച്ചു. രാജ്യത്തെ മൊത്തം മരണങ്ങൾ ഇരുപതിനായിരം കടന്നിരിക്കുകയാണ്. വൽനീർ ഡാ സിൽവ എന്ന 62 കാരൻെറ മൃതദേഹമാണ് തെരുവിൽ കണ്ടെത്തിയത്. കുട്ടികൾ കളിച്ചു കൊണ്ടിരുന്ന ഒരു ഫുട്ബോൾ ഗ്രൗണ്ടിനു സമീപത്തായി, പാർക്ക് ചെയ്തിരുന്ന കാറുകളുടെ ഇടയിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ഇതിനിടയിൽ രാജ്യത്ത് രോഗം പെരുകുന്ന സാഹചര്യത്തിലും, ഗവൺമെന്റ് ലോക്ക് ഡൗൺ നിയമങ്ങൾക്ക് ഇളവുകൾ അനുവദിച്ചിരിക്കുകയാണ്. ഈയാഴ്ച ബ്രസീൽ ബ്രിട്ടനെ പിന്തള്ളി ഏറ്റവും കൂടുതൽ കേസുകൾ ഉള്ള മൂന്നാമത്തെ രാജ്യം ആയി മാറിയിരിക്കുകയാണ്. മൂന്നു ലക്ഷത്തി പതിനായിരത്തോളം കേസുകളുമായി അമേരിക്കയ്ക്കും റഷ്യയ്ക്കും പുറകിലായാണ് ഇപ്പോൾ ബ്രസീലിന്റെ സ്ഥാനം.

 

മാർച്ച് 18നാണ് ബ്രസീലിൽ കൊറോണ ബാധ മൂലമുള്ള ആദ്യ മരണം രേഖപ്പെടുത്തിയത്. ഇതിനുശേഷം രാജ്യത്താകമാനം മരണ നിരക്ക് വൻതോതിൽ വർദ്ധിക്കുകയായിരുന്നു. വെള്ളിയാഴ്ചത്തെ കണക്കനുസരിച്ച് മരണനിരക്ക് 20,047ആയി ഉയർന്നിരിക്കുകയാണ്. മരിച്ച സിൽവയ്ക്കു ശ്വാസംമുട്ടൽ ഉണ്ടായപ്പോൾ തന്നെ അടുത്തുള്ള ആളുകൾ ആരോഗ്യപ്രവർത്തകരെ അറിയിച്ചെങ്കിലും, അവർ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആംബുലൻസ് ജീവനക്കാരാണ് മൃതദേഹം തെരുവിൽ ഉപേക്ഷിച്ചത് എന്ന് കണ്ടുനിന്നവർ പറയുന്നു. നഗര ജീവനക്കാരും മൃതദേഹം നീക്കുന്നത് തങ്ങളുടെ ജോലിയല്ല എന്ന രീതിയിലാണ് പ്രതികരിച്ചത്. പെട്രോളിംഗ് നടത്തുന്ന പോലീസ് ഓഫീസർമാരെ വിവരമറിയിച്ചെങ്കിലും അവരും ഒരു നടപടിയും സ്വീകരിച്ചില്ല എന്ന് മരിച്ചയാളുടെ മകൻ കുറ്റപ്പെടുത്തി. ഇങ്ങനെ 30 മണിക്കൂറിലേറെയാണ് ആ മൃതദേഹം തെരുവിൽ കിടന്നത്.

 

ഇതിനിടയിൽ കൊറോണ രോഗികൾക്കു മലേറിയയുടെ മരുന്നായ ക്ലോറോക്വിൻ നൽകുവാൻ ബ്രസീലിയൻ പ്രധാനമന്ത്രി നിർദ്ദേശിച്ചിരിക്കുകയാണ്. കേസുകൾ കൂടുന്നതിനാൽ ആശുപത്രികളിൽ സ്ഥലം ഇല്ലാത്തതും പ്രതിരോധ പ്രവർത്തനത്തെ ബാധിച്ചിരിക്കുകയാണ്.