ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ജനിതകമാറ്റം സംഭവിച്ച ബ്രസീലിയൻ കൊറോണ വൈറസിന്റെ ആറ് കേസുകൾ ഇംഗ്ലണ്ടിലും സ്കോട്ലൻഡിലും കണ്ടെത്തി. ബ്രസീലിൽ നിന്ന് പാരീസ്, ലണ്ടൻ വഴി ആബർ‌ഡീനിലേക്ക് യാത്ര ചെയ്ത മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചു. സൗത്ത് ഗ്ലൗസെസ്റ്റർഷയറിലെ ഒരു വീട്ടിൽ നിന്നാണ് ഇംഗ്ലണ്ടിലെ രണ്ട് കേസുകൾ കണ്ടെത്തിയതെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് അറിയിച്ചു. എന്നാൽ രോഗം പിടിപെട്ട ആറാമത്തെ വ്യക്തിയെ കണ്ടെത്തിയിട്ടില്ലെന്നും രാജ്യത്ത് എവിടെയും ആയിരിക്കാമെന്നും ആരോഗ്യ ഉദ്യോഗസ്ഥർ സമ്മതിച്ചു. വടക്കൻ ബ്രസീലിലെ ആമസോണസിലെ മനാസിൽ നിന്നുള്ള വകഭേദം യുകെയിലും പടർന്നുപിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കെന്റിലും ദക്ഷിണാഫ്രിക്കയിലും കാണപ്പെടുന്ന ഉയർന്ന രോഗവ്യാപന സാധ്യതയുള്ള വൈറസിന് സമാനമായ സ്പൈക്ക് പ്രോട്ടീൻ മ്യൂട്ടേഷനാണ് P.1 എന്ന് പേരിട്ടിരിക്കുന്ന ഈ വകഭേദത്തിനുമുള്ളത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വൈറസ് കൂടുതൽ അപകടകരമാണെന്ന് തോന്നുന്നില്ലെങ്കിലും, വേഗത്തിൽ പടരാനും കൂടുതൽ കേസുകൾ ഉണ്ടാക്കാനുമുള്ള സാധ്യത ഉയർന്ന മരണനിരക്കിന് കാരണമാകും. രോഗം ബാധിച്ച വ്യക്തി ആരാണെന്നോ എവിടെയാണ് പരിശോധന നടത്തിയതെന്നോ തങ്ങൾക്ക് അറിയില്ലെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ കഴിഞ്ഞ രാത്രി സമ്മതിച്ചതിനെത്തുടർന്നാണ് അദ്ദേഹത്തിന് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയത്. ഈ വകഭേദത്തെ പ്രതിരോധിക്കാൻ വാക്സീനുകൾക്ക് സാധിക്കുമോയെന്ന കാര്യത്തിൽ ആശങ്കയുണ്ട്.

ഫെബ്രുവരി 10 ന് ബ്രസീലിൽ നിന്ന് മടങ്ങി ലണ്ടനിലെത്തിയ ഒരു വ്യക്തിയിൽ നിന്നാണ് ഗ്ലൗസെസ്റ്റർഷയർ ക്ലസ്റ്റർ ഉത്ഭവിച്ചതെന്ന് പറയപ്പെടുന്നു. ഫെബ്രുവരി 12 അല്ലെങ്കിൽ 13 തീയതികളിൽ പരിശോധന നടത്തിയവരോ ഫലം ലഭിക്കാത്തവരോ അപൂർണ്ണമായ ടെസ്റ്റ് രജിസ്ട്രേഷൻ കാർഡുള്ളവരോ ഉടനടി മുന്നോട്ട് വരാൻ ആവശ്യപ്പെട്ട് ആരോഗ്യ ഉദ്യോഗസ്ഥർ ഒരു അപ്പീൽ നൽകിയിട്ടുണ്ട്.