ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ഏറ്റവും കൂടുതൽ പേരെ ബാധിക്കുന്ന ക്യാൻസർ രോഗമാണ് ശ്വാസകോശാർബുദം. ഏകദേശം 34,800 പേരാണ് ശ്വാസകോശാർബുദം മൂലം ഓരോ വർഷവും യുകെയിൽ ജീവൻ വെടിയുന്നത്. ലോകം മുഴുവൻ ഉള്ള കണക്കുകൾ പരിശോധിച്ചാലും ശ്വാസകോശാർബുദം മൂലം മരണമടയുന്നവരുടെ എണ്ണം മറ്റ് ക്യാൻസർ വകഭേദങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കൂടുതലാണ്. പുകയിലയുടെ ഉപയോഗമാണ് ശ്വാസകോശ അർബുദത്തിന്റെ പ്രധാന കാരണമായി ആരോഗ്യ വിദഗ്ധർ ചൂണ്ടി കാണിക്കുന്നത്. 10 രോഗികളിൽ 7 പേർക്കും രോഗം വരാനുള്ള കാരണം പുകവലിയാണ് .

ലോകത്തെ ആകമാനം ഭീതിയിലാഴ്ത്തിയ ശ്വാസകോശാർബുദത്തെ തുരത്താനുള്ള വാക്സിൻ വികസിപ്പിക്കുന്നതിൽ വിജയം കണ്ടിരിക്കുകയാണ് ബ്രിട്ടീഷ് ശാസ്ത്രജ്ഞർ. രോഗസാധ്യത കൂടുതൽ ഉള്ളവരിൽ ശ്വാസകോശാർബുദം തടയുന്നതിനുള്ള ലോകത്തിലെ ആദ്യത്തെ വാക്സിൻ ആയിരിക്കും ഇത്. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി, ഫ്രാൻസിസ് ക്രിക്ക് ഇൻസ്റ്റിറ്റ്യൂട്ട്, യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടൻ (യുസിഎൽ) എന്നിവിടങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞർ ആണ് വാക്‌സിൻ വികസിപ്പിക്കുന്നതിൽ വിജയം വരിച്ചിരിക്കുന്നത്. ഓക്‌സ്‌ഫോർഡ്-ആസ്‌ട്രാസെനെക്ക കോവിഡ്-19 വാക്‌സിന് സമാനമായ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ക്യാൻസർ കോശങ്ങളെ നശിപ്പിക്കാനും രോഗപ്രതിരോധ സംവിധാനത്തെ സജീവമാക്കാനും ഉപകരിക്കുന്ന “LungVax” എന്ന വാക്‌സിൻ വികസിപ്പിച്ചിരിക്കുന്നത്.

നിലവിൽ 3,000 ഡോസ് വാക്‌സിൻ നിർമ്മിക്കുന്നതിനായി ക്യാൻസർ റിസർച്ച് യുകെ, CRIS ക്യാൻസർ ഫൗണ്ടേഷൻ എന്നിവയിൽ നിന്ന് 1.7 മില്യൺ പൗണ്ട് ആണ് അനുവദിച്ചിരിക്കുന്നത് .

ക്യാൻസർ റിസർച്ച് യുകെയിൽ നിന്നുള്ള ഡേറ്റ അനുസരിച്ച്, യുകെയിൽ ഓരോ വർഷവും ഏകദേശം 48,500 ശ്വാസകോശ അർബുദ കേസുകൾ ആണ് ഉണ്ടായികൊണ്ടിരിക്കുന്നത് . ശ്വാസകോശ അർബുദമുള്ളവരിൽ 10 ശതമാനത്തിൽ താഴെ മാത്രമേ 10 വർഷമോ അതിൽ കൂടുതലോ രോഗത്തെ അതിജീവിക്കുകയുള്ളൂവെന്നും പുതിയ വാക്‌സിൻ വരുന്നതോടെ ഈ സ്ഥിതി മാറുമെന്നും ഗവേഷണത്തിന് ചുക്കാൻ പിടിക്കുന്ന പ്രൊഫ. മറിയം ജമാൽ-ഹഞ്ജാനിയും ലങ് വാക്സ് ക്ലിനിക്കൽ ട്രയലിന് നേതൃത്വം നൽകുന്ന ഫ്രാൻസിസ് ക്രിക്ക് ഇൻസ്റ്റിറ്റ്യൂട്ടും പറഞ്ഞു.