ഒഹിയോ: മുറിവുകള്‍ ഉണക്കാനും രക്തക്കുഴലുകള്‍, നാഡികള്‍, തകരാറിലായ അവയവങ്ങള്‍ എന്നിവ പുനഃസൃഷ്ടിക്കാനും സഹായിക്കുന്ന സാങ്കേതികവിദ്യ കണ്ടെത്തി. ഒഹിയോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് മെഡിക്കല്‍ സാങ്കേതിക രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്ന മൈക്രോ ചിപ്പ് നിര്‍മിച്ചത്. ടിഷ്യൂ നാനോട്രാന്‍സ്‌ഫെ്ക്ഷന്‍ എന്ന സാങ്കേതികത ഉപയോഗിക്കുന്ന ഈ മൈക്രോചിപ്പ് നാനോടെക്‌നോളജി ചികിത്സാരംഗത്തിന് നല്‍കുന്ന ഏറ്റവും മികച്ച സംഭാവനയാണ്. ത്വക്കിലെ കോശങ്ങളില്‍ നിന്ന് മറ്റു പല വിധത്തിലുള്ള കോശങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്ന ചിപ്പ് ആണ് വികസിപ്പിച്ചിരിക്കുന്നത്.
ഒരു പെന്നി നാണയത്തോളം വലിപ്പമുള്ള ഈ ചിപ്പ് ത്വക്കിലെ കോശങ്ങളിലേക്ക് ജനറ്റിക് കോഡുകള്‍ കുത്തിവെക്കുകയാണ് ചെയ്യുന്നത്. അങ്ങനെ ആവശ്യമുള്ള വിധത്തിലുള്ള കോശങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ സാധിക്കുന്നു. ത്വക്കില്‍ സ്ഥാപിച്ച് സെക്കന്‍ഡുകള്‍ക്കുള്ളില്‍ത്തന്നെ കോശങ്ങള്‍ ഉദ്പാദിപ്പിക്കാന്‍ ഈ ചിപ്പിന് സാധിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. എലികളിലും പന്നികളിലും ഈ ചിപ്പ് ഉപയോഗിച്ച് നടത്തിയ പരീക്ഷണം വിജയകരമായിരുന്നു. ചിപ്പ് സ്ഥാപിച്ച് ഒരാഴ്ചക്കു ശേഷം രക്തക്കുഴലുകളും നാഡീ കോശങ്ങളും സൃഷ്ടിക്കപ്പെട്ടുവെന്ന് ശാസ്ത്രജ്ഞന്‍മാര്‍ അറിയിച്ചു.
ഒരു പരീക്ഷണത്തില്‍ എലിയുടെ തകര്‍ന്ന കാലിലൂടെയുള്ള തടസപ്പെട്ട രക്തപ്രവാഹം പുനഃസ്ഥാപിക്കാന്‍ സാധിച്ചു. രക്തക്കുഴലുകള്‍ ഈ സാങ്കേതികതയിലൂടെ പുനഃസൃഷ്ടിച്ചാണ് ഇത് സാധിച്ചത്. ഈ വിധത്തില്‍ സൃഷ്ടിച്ച നാഡീകോശങ്ങള്‍ എലിയുടെ മസ്തിഷ്‌കത്തില്‍ കുത്തിവെച്ച് പക്ഷാഘാതം മാറ്റാനും കഴിഞ്ഞു. ചിന്തിക്കാന്‍ പോലും സാധിക്കാന്‍ കഴിയാത്ത ഇക്കാര്യം ഇപ്പോള്‍ പ്രാവര്‍ത്തികമായിരിക്കുകയാണെന്ന് ഗവേഷകരിലൊരാളായ ഡോ.ചന്ദന്‍ സെന്‍ പറഞ്ഞു. മനുഷ്യരില്‍ പാര്‍ക്കിന്‍സണ്‍സ്, അല്‍ഷൈമേഴ്‌സ്, നാഡികള്‍ നശിക്കുന്ന രോഗം, പക്ഷാഘാതം എന്നിവയുടെ ചികിത്സക്ക് ഈ സങ്കേതം ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.
Leave a Reply