ബിനോയ്‌ ജോസഫ്‌

ജന്മനാടിനെ മറക്കാത്ത പ്രവാസികളുടെ സൗഹൃദക്കൂട്ടായ്മ കേരളത്തിൽ ബ്രെസ്റ്റ് ക്യാൻസറിനെക്കുറിച്ച് ബോധവൽക്കരണം സംഘടിപ്പിക്കുന്നു. ബ്രിട്ടനിൽ രൂപീകൃതമായ ജ്വാല എന്ന കൂട്ടായ്മയാണ് കുടുംബശ്രീയും ആരോഗ്യ വകുപ്പുമായി ചേർന്ന് കറുകുറ്റി പഞ്ചായത്തിലെ പാലിശേരിയിൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത്. അങ്കമാലി താലൂക്കിന് കീഴിൽ വരുന്ന ഗവൺമെന്റ് ആശുപത്രികളിലെ ഡോക്ടർമാരും പാലിശേരി പിഎച്ച്സിയിലെ സ്റ്റാഫുകളും കുടുംബശ്രീ പ്രവർത്തകരും ജ്വാലയോടൊപ്പം മാതൃകാപരമായ ഈ പ്രവർത്തനത്തിന് നേതൃത്വം നല്കും. ഇന്ന് ശനിയാഴ്ച ഉച്ചയ്ക്കുശേഷം 1.30 മുതൽ 3.30 വരെ പാലിശേരി കോ ഓപ്പറേറ്റീവ് ഹാളിൽ നടക്കുന്ന ബോധവൽക്കരണ പരിപാടിയിൽ ഇരുനൂറോളം വനിതകൾ പങ്കെടുക്കും. ഡോ. രശ്മി എസ് കൈമൾ (കൺസൽട്ടന്റ് ഫാമിലി ഫിസിഷ്യൻ), ഡോ. സെറിൻ കുര്യാക്കോസ് (അസിസ്റ്റൻറ് സർജൻ ആൻഡ് ഫാമിലി ഫിസിഷ്യൻ) എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നല്കും. പ്രകൃതിസംരക്ഷണത്തിന്റെ സന്ദേശം പകർന്ന് നല്കിക്കൊണ്ട്  ഇക്കോ ഫ്രണ്ട്ലിയായാണ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്‌.

കേരളത്തിലെ സ്ത്രീകൾക്കായി സ്തനാർബുദത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുകയും അതിനു വേണ്ട ഫണ്ടിംഗ് കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുക എന്ന ദൗത്യവുമായാണ് ജ്വാല എന്ന കൂട്ടായ്മ ബ്രിട്ടണിലെ കിംഗ്സ്റ്റൺ അപ്പോൺ ഹള്ളിൽ രൂപപ്പെട്ടത്. യുകെയിലെ നാഷണൽ ഹെൽത്ത് സർവീസിൽ നഴ്സായ ബോബി തോമസിന്റെ നേതൃത്വത്തിലാരംഭിച്ച സൗഹൃദക്കൂട്ടായ്മയായ ജ്വാല സംഘടിപ്പിക്കുന്ന ആദ്യ ബോധവൽക്കരണ പരിപാടിയാണ് പാലിശേരിയിൽ നടക്കുന്നത്. മഹനീയമായ സ്ത്രീത്വത്തിന്റെ വേദനയുടെ നിസ്സഹായമായ നിമിഷങ്ങൾ കൺമുന്നിൽ ദർശിച്ച ഓർമ്മകളാണ്  ഈ ആശയം പ്രവർത്തന പഥത്തിലെത്തിക്കാൻ ബോബിയ്ക്കും സുഹൃത്തുക്കൾക്കും  പ്രചോദനമായത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിദേശങ്ങളിൽ താമസിക്കുന്നവർക്ക് ചികിത്സാ ചിലവ് ഒരു  വലിയ ഭാരമാവില്ലെങ്കിലും, വേദനകൾക്കിടയിൽ സാമ്പത്തികമായി ഞെരുങ്ങുന്ന കേരളത്തിലെ സാധാരണക്കാരായ സ്ത്രീകൾക്ക് ഒരു സാന്ത്വനമാകുവാനാണ് ‘ജ്വാല ‘ എന്ന ഈ കൂട്ടായ്മ ഉദ്ദേശിക്കുന്നത്. മാറി വരുന്ന ജീവിതരീതികളും ആഹാരക്രമങ്ങളും നമ്മുടെ നാട്ടിൽ സ്തനാർബുദ രോഗികളുടെ എണ്ണം കൂട്ടികൊണ്ടിരിക്കുന്നു. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തുടങ്ങുമ്പോൾ തന്നെ ഒരു കുടുംബം ചെലവ് താങ്ങാനാവാതെ നിശ്ചലമാവുകയാണ്. ഗവൺമെന്റ് ആശുപത്രികളിൽ മാമോഗ്രാം യൂണിറ്റുകളും മറ്റും സംവിധാനങ്ങളുമുണ്ടെങ്കിലും സാധാരണക്കാർ പലപ്പോഴും അറിയുന്നില്ല, അല്ലെങ്കിൽ പോകാൻ മടിക്കുന്നു സ്ഥിതിയാണ് നിലവിലുള്ളത്. കുടുംബശ്രീയടക്കമുള്ള സംഘടനകളുടെയും ആരോഗ്യവകുപ്പിന്റെയും സഹകരണം ഉറപ്പാക്കിക്കൊണ്ട് കേരളത്തിലെ ഗ്രാമീണ സ്ത്രീകളിൽ സ്തനാർബുദത്തെക്കുറിച്ചുള്ള ബോധവൽക്കരണം, ക്യാൻസർ സ്ക്രീനിങ്ങിന് എന്നിവയ്ക്ക് അവസരമൊരുക്കുക എന്ന ദൗത്യമാണ് ‘ജ്വാല’ പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാൻ പദ്ധതിയിടുന്ന ജ്വാലയ്ക്ക് പിന്തുണയുമായി കേരളത്തിലെ സന്നദ്ധ സംഘടനകൾ മുന്നോട്ട് വരുമെന്ന പ്രതീക്ഷയിലാണ് ജ്വാലയുടെ പ്രവർത്തകർ. കേരളത്തിലെ പ്രവർത്തനങ്ങൾക്കാവശ്യമായ ഫണ്ട് കണ്ടെത്തുന്നതിനായി ജ്വാല ഹള്ളിൽ ഫണ്ട് റെയിസിംഗ് ഇവൻറ് സംഘടിപ്പിച്ചിരുന്നു.