അസുഖം ബാധിച്ച യുവാവിന്റെ മകനെ സഹായിക്കാന്‍ 3,300 മണിക്കൂര്‍ അധിക ജോലി ചെയ്ത സഹപ്രവര്‍ത്തകര്‍. 36 കാരനായ ആന്‍ഡ്രൂസ് ഗ്രാഫിന്റെ സഹപ്രവര്‍ത്തകരാണ് സഹായ ഹസ്തവുമായി മുന്നോട്ട് വന്നത്. മൂന്നാമത്തെ വയസ്സിലാണ് ഗ്രാഫിന്റെ മകന്‍ ജൂലിയസിന് ലൂക്കീയിമ ബാധിച്ചതായി സ്ഥീരികരിക്കുന്നത്. ചികിത്സ തുടങ്ങി ആദ്യത്തെ ഒമ്പത് ആഴ്ച്ചകള്‍ ജൂലിയസിന് ആശുപത്രിയില്‍ തന്നെ കഴിയേണ്ടി വന്നു. ദുരന്തപൂര്‍ണമായ മറ്റൊരു വിധിയും ഈ കാലഘട്ടത്തില്‍ ഗ്രാഫിനെയും ജൂലിയസിനെയും തേടിയെത്തി. ചികിത്സ നടന്നുകൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ഹൃദയ സംബന്ധമായ അസുഖം മൂലം ജൂലിയസിന് തന്റെ അമ്മയെ നഷ്ടപ്പെട്ടു. ആദ്യഘട്ട ചികിത്സ പൂര്‍ത്തിയാകുന്ന സമയത്തായിരുന്നു അമ്മയുടെ വേര്‍പാട്.

മകന്റെ ചികിത്സയും ജോലിയും കൂടി ഒന്നിച്ചുകൊണ്ടു പോകാന്‍ ഗ്രാഫിന് നന്നേ പണിപ്പെടേണ്ടി വന്നു. വര്‍ഷത്തില്‍ അനുവദിച്ചിട്ടുള്ള എല്ലാ അവധികളും തുടക്കത്തില്‍ തന്നെ ഗ്രാഫ് മകന്റെ ചികിത്സാവിശ്യങ്ങള്‍ക്കായി ഉപയോഗിച്ചു. ഒരു ഘട്ടത്തില്‍ ജോലി നഷ്ട്ടപ്പെടാന്‍ വരാന്‍ ഇതു കാരണമായേക്കുമെന്ന് ഗ്രാഫ് കരുതിയിരുന്നു. എന്നാല്‍ കമ്പനിയുടെ എച്ച്ആര്‍ മാനേജര്‍ പിയ മിയര്‍ ഗ്രാഫിനെ സഹായിക്കാനായി രംഗത്തു വന്നതോടെ ജോലി നഷ്ട്‌പ്പെടുമെന്ന ഭയത്തില്‍ നിന്ന് അദ്ദേഹം മോചിതനായി. ഭാര്യയുടെ മരണം ഗ്രാഫിന് മകന്റെ മേലുള്ള ഉത്തരവാദിത്വം വര്‍ദ്ധിപ്പിക്കുകയായിരുന്നു. ഒരുപാട് പണം ആവശ്യമായിരുന്ന ചികിത്സയാണ് ജൂലിയസിന് വേണ്ടിയിരുന്നത്. ഈ പണം കണ്ടെത്താനും ഗ്രാഫ് വിഷമിച്ചു. ഒരു ഡിസൈനര്‍ കമ്പനിയില്‍ അസംബ്ലി വര്‍ക്കറായി ജോലി ചെയ്തു വന്നിരുന്ന ഗ്രാഫിന്റെ പ്രയാസങ്ങള്‍ മനസ്സിലാക്കി സഹായവുമായി സഹപ്രവര്‍ത്തകര്‍ രംഗത്തു വരികയായിരുന്നു. കമ്പനിയിലെ എച്ച് ആര്‍ മാനേജര്‍ പിയയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് 650 ഓളം തൊഴിലാളികള്‍ തങ്ങളുടെ അധിക ജോലി സമയ വരുമാനം ഗ്രാഫിന്റെ മകന്റെ ചികിത്സയ്ക്കായി സംഭാവന ചെയ്തു.

വെറും രണ്ടാഴ്ച്ചത്തെ പ്രയത്‌നം കൊണ്ടാണ് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ 3,264.5 മണിക്കൂര്‍ അധിക സമയം ജോലിയെടുത്തത്. കൂടാതെ കമ്പനി ഗ്രാഫിന് ശമ്പളത്തോടു കൂടിയുള്ള അവധിയും അനുവദിച്ചിട്ടുണ്ട്. ഈ സഹായങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ എത്രയോ മുന്‍പ് ജോലിയില്‍ നിന്ന് പുറത്താക്കപ്പെടുമായിരുന്നെന്ന് ഗ്രാഫ് പ്രതികരിച്ചു. തന്റെ സഹപ്രവര്‍ത്തകരോട് അത്യധികം കടപ്പെട്ടിരിക്കുന്നതായും ഗ്രാഫ് പറഞ്ഞു. കീമോ തെറാപ്പികളും മറ്റു ചികിത്സയ്ക്കും ശേഷം ജൂലീയസിന്റെ ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതിയുണ്ട്. കഴിഞ്ഞ ഫെബ്രുവരി മാസത്തോടെ ജൂലിയസിന് 5 വയസ്സ് പൂര്‍ത്തിയാവുകയാണ്. എത്രയും വേഗം അവന് നഴ്‌സറിയില്‍ പോയി തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏതാണ്ട് ഒരു വര്‍ഷത്തോളം നീണ്ട അവധിയില്‍ പ്രവേശിക്കാന്‍ ഗ്രാഫിന് കഴിഞ്ഞു. ജൂലിയസിന്റെ ചികിത്സയ്ക്ക് സഹായിക്കാത്ത ഒരു തൊഴിലാളി പോലും കമ്പനിയില്‍ ഉണ്ടായിട്ടില്ലെന്ന് എച്ച് ആര്‍ മാനേജര്‍ പറഞ്ഞു.