ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ഓരോ വർഷവും ഏകദേശം 55,000 സ്ത്രീകൾക്കാണ് സ്താനാർബുദം ഉള്ളതായി കണ്ടെത്തുന്നത്. ഇതിൽ ഏകദേശം 15,000 പേർക്കെങ്കിലും ശസ്ത്രക്രിയയിലൂടെ സ്തനങ്ങൾ നീക്കം ചെയ്യേണ്ടതായി വരാറുണ്ട്. ഇത്തരം രോഗികളിൽ ഏകദേശം 31 ശതമാനം പേർക്ക് സ്തനങ്ങളുടെ സ്വാഭാവിക പുനർനിർമ്മാണം സംഭവിക്കും. അതിൽ തന്നെ 10 ശതമാനം പേർക്ക് ഈ പ്രക്രിയക്ക് കാല താമസം നേരിടും.
ബ്രസ്റ്റ് ക്യാൻസർ ചികിത്സയുടെ ഭാഗമായി സ്തനങ്ങൾ നീക്കം ചെയ്യുന്നവർക്ക് ആശ്വാസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ക്യാൻസറിനെ തുടർന്നുള്ള ശസ്ത്രക്രിയയ്ക്ക് ശേഷം സംവേദനക്ഷമത വീണ്ടെടുക്കുന്ന ഒരു ‘ബയോണിക്’ ബ്രെസ്റ്റ് ഇപ്പോൾ രോഗികളിൽ പരീക്ഷിച്ചു വരികയാണ് എന്ന വാർത്ത ലോകമെങ്ങുമുള്ള രോഗികൾക്ക് ആശ്വാസം പകരുന്നതാണ്. മാസ്റ്റെക്ടമി നടത്തിയ സ്ത്രീകളെ സഹായിക്കുന്നതിനാണ് ഈ ഉപകരണം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇംപ്ലാൻ്റ് ചെയ്യാവുന്ന ഈ ഉപകരണം ചെറുതും ബാറ്ററിയിൽ പ്രവർത്തിക്കുന്നതുമാണ്. കൂടാതെ ഒരു ചെറിയ സെൻസറും ഉണ്ട്. സംവേദന ക്ഷമത പ്രദാനം ചെയ്യാൻ പുതിയ കൃത്രിമ സ്തനത്തിന് സാധിക്കുമെന്നതാണ് ഏറ്റവും വലിയ നേട്ടമായി ശാസ്ത്രലോകം എടുത്തു കാണിക്കുന്നത്. കോപ്പൻഹേഗൻ സർവകലാശാലയുടെ പഠനമനുസരിച്ച് സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിനൊപ്പം സ്ത്രീയുടെ ലൈംഗിക ജീവിതവും മെച്ചപ്പെടുത്തുന്നതിനൊപ്പം മസ്‌ടെക്‌ടമിയ്‌ക്കൊപ്പമുള്ള ദീർഘകാല വേദനയെ ലഘൂകരിക്കാനും ഈ ഉപകരണം ഉപകാരപ്പെടും .
ക്യാൻസർ മൂലം സ്തനങ്ങൾ മുറിച്ചുമാറ്റിയവർക്ക് സ്പർശന അനുഭവവും ലൈംഗിക സുഖവും അനുഭവിക്കാൻ സാധിക്കുമെന്ന് പുതിയ കണ്ടുപിടുത്തത്തെക്കുറിച്ച് ഷിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ ഒബ്‌സ്റ്റെട്രിക്‌സ് ആൻഡ് ഗൈനക്കോളജി പ്രൊഫസറും ബ്രെസ്റ്റ് പ്രോജക്‌റ്റിലെ പ്രധാന അന്വേഷകനുമായ പ്രൊഫസർ സ്റ്റേസി ലിൻഡൗ വിശദീകരിച്ചു . സംവേദന ക്ഷമതയുള്ള കൃത്രിമ സ്തനങ്ങൾ നിർമ്മിക്കുന്നതിൽ 20 വർഷത്തോളമായി പല പരീക്ഷണങ്ങൾ ശാസ്ത്രലോകത്ത് നടക്കുന്നുണ്ട്. ബയോണിക് ബ്രെസ്റ്റ്’ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ജീവനുള്ള കോശങ്ങളെ സംയോജിപ്പിച്ച് സ്തന പുനർനിർമ്മാണത്തിൽ വിപ്ലവം സൃഷ്ടിക്കുമെന്ന് ആണ് ശാസ്ത്ര ലോകം പ്രതീക്ഷിക്കുന്നത് എന്ന് ലണ്ടൻ ബ്രെസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഓങ്കോപ്ലാസ്റ്റിക് ബ്രെസ്റ്റ് സർജനായ പ്രൊഫസർ കെഫാ മൊക്ബെൽ പുതിയ സാങ്കേതികവിദ്യയെ കുറിച്ച് പറഞ്ഞു.
Leave a Reply