ലണ്ടന്‍: സ്തന വളര്‍ച്ച തടയാന്‍ പെണ്‍കുട്ടികളുടെ മാറിടത്തില്‍ ചുട്ടകല്ല് വയ്ക്കുന്ന രീതി ബ്രിട്ടനില്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ആണ്‍കുട്ടികളുടെ അനാവശ്യ നോട്ടങ്ങള്‍ ഒഴിവാക്കാനാണ് സ്തന വളര്‍ച്ച തടയാന്‍ കുടുംബാംഗങ്ങള്‍ പ്രാകൃതരീതി ഉപയോഗിക്കുന്നത്. ഗാര്‍ഡിയന്‍ പത്രമാണ് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
സ്തന വളര്‍ച്ച തടയാന്‍ പെണ്‍കുട്ടികളുടെ അമ്മമാരും അടുത്ത ബന്ധുക്കളും തന്നെയാണ് ബ്രസ്റ്റ് അയേണിങ്ങിന് വിധേയമാക്കുന്നത്. സ്തനങ്ങളിലെ കോശങ്ങളുടെ വളര്‍ച്ച മുരടിപ്പിക്കാന്‍ കരിങ്കല്ല് ചൂടാക്കി മാറിടത്തില്‍ മസ്സാജ് ചെയ്യുന്നതാണ് രീതി. സ്തനവളര്‍ച്ച ഉണ്ടാകുന്നതിനനുസരിച്ചാണ് എത്ര തവണ വേണമെന്ന് തീരുമാനിക്കുക. ആഴ്ചയിലൊരുക്കിലോ രണ്ടാഴ്ച കൂടുന്പോഴോ പെണ്‍കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുകയാണ് പതിവ്. ഇത്തരത്തില്‍ ചെയ്യുന്ന പെണ്‍കുട്ടികളില്‍ ബ്രസ്റ്റ് ക്യാന്‍സറും മറ്റ് നിരവധി ഗുരുതര ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, ഭാവിയില്‍ ഉണ്ടാകുന്ന കുട്ടികള്‍ക്ക് പാലൂട്ടാനും വിഷമിക്കുന്നു.
ആഫ്രിക്കയിലെ ചില രാജ്യങ്ങളിലാണ് ഇത്തരത്തിലുളള ഈ പ്രാകൃതരീതി തുടര്‍ന്നുപോരുന്നത്. ബ്രസ്റ്റ് അയണിങ് എന്നാണ് ഇതിനെ യുഎന്‍ വിശേഷിപ്പിക്കുന്നത്. ബ്രസ്റ്റ് അയേണിങ്ങിന് വിധേയരാകുന്ന പെണ്‍കുട്ടികളെല്ലാം ബ്രിട്ടീഷ് പൗരത്വം ഉളളവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ലണ്ടനിലെ ക്രൊയ്ഡോണ്‍ പട്ടണത്തില്‍ മാത്രം 15 മുതല്‍ 20 വരെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലണ്ടന്‍, യോര്‍ക്ക്ഷൈന്‍, എസ്സെക്സ്, വെസ്റ്റ് മിഡ്ലാന്‍ഡ്, എന്നിവിടങ്ങളില്‍ ഇത്തരം നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് സന്നദ്ധപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. എന്നാല്‍ ഇതുവരെയും ഇത് സംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് ലണ്ടന്‍ പൊലീസ് പറയുന്നത്. യുകെയില്‍ മാത്രമായി ഇതുവരെ ആയിരത്തോളം പെണ്‍കുട്ടികള്‍ ബ്രസ്റ്റ് അയണിങ്ങിന് വിധേയരായി എന്ന് ചേലാകര്‍മ്മത്തിനെതിരെ പോരാടുന്ന സംഘടന പറയുന്നു.
Leave a Reply