ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്‌നമായിരുന്നു ഓസ്‌ട്രേലിയന്‍ താരം ബ്രെറ്റ് ലീ. ലീയുടെ തീപാറുന്ന പന്തുകള്‍ക്ക് മുന്നില്‍ വിറച്ചു നില്‍ക്കാത്തവര്‍ അപൂര്‍വം മാത്രം. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറും ബ്രെറ്റ് ലീയും തമ്മില്‍ നേര്‍ക്കുനേര്‍ നടത്തിയിട്ടുള്ള പോരാട്ടങ്ങള്‍ ക്രിക്കറ്റ് പ്രേമികള്‍ മറക്കാനിടയില്ല.

സ്ലെഡ്ജിങ്

ഒരറ്റത്ത് അക്രമണോത്സുകതയോടെ ഓടിയടുക്കുന്ന ബ്രെറ്റ് ലി. മറുഭാഗത്ത് സൗമ്യനായി ബാറ്റേന്തി നില്‍ക്കുന്ന സച്ചിനും. ബാറ്റ്‌സ്മാനെ വാക്കുകള്‍ക്കൊണ്ട് പ്രകോപിപ്പിക്കാന്‍ (സ്ലെഡ്ജിങ്) ബ്രെറ്റ് ലീയ്ക്കുള്ള കഴിവ് പ്രത്യേകം പറയേണ്ടതില്ല. ബാറ്റ്‌സ്മാന്റെ ഏകാഗ്രത നഷ്ടപ്പെടുത്തി വിക്കറ്റ് നേടുകയെന്ന തന്ത്രം ഓസ്‌ട്രേലിയന്‍ താരങ്ങള്‍ കളത്തില്‍ എന്നും വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. ബ്രെറ്റ് ലീയാകട്ടെ സ്ലെഡ്ജിങ്ങിന്റെ ആശാനും.

സച്ചിനെതിരെ മാത്രം നടക്കില്ല

എന്നാല്‍ സച്ചിനെതിരെ മാത്രം സ്ലെഡ്ജിങ് ഫലപ്രദമല്ലെന്ന് ഓസ്‌ട്രേലിയന്‍ താരം ബ്രെറ്റ് ലീ ഇപ്പോള്‍ തുറന്നു സമ്മതിക്കുന്നു. ‘ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍’ എന്ന ടിവി പരിപാടിയിലാണ് വാക്കുകള്‍ക്കൊണ്ടുള്ള പ്രകോപനം സച്ചിനെ എന്തുമാത്രം അപകടകാരിയാക്കി മാറ്റുമെന്ന് ലീ പറഞ്ഞത്.

ബ്രെറ്റ് ലീയുടെ വാക്കുകൾ

അപൂര്‍വം അവസരങ്ങളില്‍ മാത്രമേ താന്‍ സച്ചിനെ സ്ലെഡ്ജ് ചെയ്യാന്‍ ശ്രമിച്ചിട്ടുള്ളൂ. പക്ഷെ ആ നീക്കം തെറ്റായിരുന്നുവെന്ന് ഓരോ തവണയും സച്ചിന്‍ തെളിയിച്ചു. കളത്തില്‍ വാക്കുകള്‍ക്കൊണ്ട് പ്രകോപിപ്പിക്കാന്‍ ശ്രമിച്ചാല്‍ സച്ചിന്‍ ആളാകെ മാറും. ബോളറുടെ കണ്ണിലേക്കായിരിക്കും പിന്നീടുള്ള അദ്ദേഹത്തിന്റെ നോട്ടം മുഴുവന്‍. ഫലമോ, കളി തീരുന്നതുവരെ സച്ചിന്‍ മത്സരത്തില്‍ നിലയുറപ്പിച്ചു നില്‍ക്കും; വിക്കറ്റു കളയാതെ — ബ്രെറ്റ് ലി ഓര്‍ത്തെടുക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രാജാവിനെ പ്രകോപിപ്പിക്കില്ല

മറ്റു ബാറ്റ്‌സ്മാന്‍മാരില്‍ നിന്നും ബഹുമാനം നേടാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. പക്ഷെ സച്ചിന്റെ കാര്യത്തില്‍ മാത്രം ഈ ചിത്രം മാറും. ക്രിക്കറ്റിന്റെ ദൈവമാണ് അദ്ദേഹം. സച്ചിനെ പ്രകോപിപ്പിക്കാന്‍ മാത്രം താന്‍ മുതിരാറില്ല. ഇതേസമയം, ജാക്കസ് കാലിസ്, ഫ്രെഡ്ഡി ഫ്‌ളിന്റോഫ് തുടങ്ങിയ ഇതിഹാസ താരങ്ങളെ താന്‍ പലതവണ സ്ലെഡ്ജ് ചെയ്തിട്ടുണ്ടെന്ന് ലീ സൂചിപ്പിക്കുന്നു. സച്ചിന്‍ ഇവരില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. രാജാവിനെ പ്രകോപിപ്പിക്കാന്‍ ആരും ധൈര്യം കാട്ടാറില്ലെന്ന് ബ്രെറ്റ് ലീ വ്യക്തമാക്കി.

സച്ചിനും ലീയും തമ്മില്‍

1999 മുതല്‍ തുടങ്ങും സച്ചിനും ലീയും തമ്മിലുള്ള പോരാട്ടങ്ങളുടെ ചരിത്രം. ഇരുവരും തമ്മില്‍ മുഖാമുഖം വന്നത് 42 മത്സരങ്ങളില്‍. 12 ടെസ്റ്റ് മത്സരങ്ങളും 30 ഏകദിന മത്സരങ്ങളും ഇതില്‍പ്പെടും. കണക്കുകള്‍ നോക്കിയാല്‍ 14 തവണയാണ് ബ്രെറ്റ് ലീയുടെ പന്തില്‍ സച്ചിന്‍ പുറത്തായിട്ടുള്ളത്. ബ്രെറ്റ് ലീ ഭാഗമായ ഓസ്‌ട്രേലിയന്‍ പടയ്‌ക്കെതിരെ 2,329 റണ്‍സ് കുറിച്ച ചരിത്രം സച്ചിന്‍ പറയും. ആറു ശതകങ്ങളും 11 അര്‍ധ ശതകങ്ങളും ഉള്‍പ്പെടെയാണിത്.

അവിസ്മരണീയ നിമിഷം

2008 -ല്‍ MCG സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യാ – ഓസ്‌ട്രേലിയ ഏകദിന മത്സരത്തില്‍ ലീയുടെ തീ പന്തുകളെ തുടര്‍ച്ചയായി ബൗണ്ടറി കടത്തിയ സച്ചിനെ ക്രിക്കറ്റ് പ്രേമികള്‍ ഇന്നും മായാതെ മനസ്സില്‍ കൊണ്ടുനടക്കുന്നുണ്ട്. മണിക്കൂറില്‍ 150 കിലോമീറ്ററിന് മുകളില്‍ വേഗത്തില്‍ തൊടുത്തവിട്ട പന്തുകളെ അതിമനോഹരമായി സച്ചിന്‍ ബൗണ്ടറിയിലേക്ക് ദിശ കാണിക്കുകയായിരുന്നു.