ലണ്ടന്‍: ബ്രെക്സിറ്റ് നടപടികള്‍ക്കായി അവതരിപ്പിച്ച ഗ്രേറ്റ് റിപ്പീല്‍ ബില്‍ വെയില്‍സും സ്കോട്ട്ലന്ഡുമായി ഭരണഘടനാ യുദ്ധത്തിന് വഴിയൊരുക്കുന്നു. ബില്ലിനെ പിന്തുണയ്ക്കില്ലെന്ന് വെയില്‍സും സ്കോട്ട്ലന്‍ഡും വ്യക്തമാക്കിക്കഴിഞ്ഞു. ബ്രിട്ടനെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വേര്‍പെടുത്താനുള്ള സുപ്രധാന നിര്‍ദേശങ്ങളടങ്ങിയ ബില്ലാണ് ഇത്. ഔദ്യോഗികമായി യൂറോപ്യന്‍ യൂണിയന് വിത്ത്ഡ്രോവല്‍ ബില്‍ എന്ന് അറിയപ്പെടുന്ന ഇത് ഇന്നലെ അവതരിപ്പിക്കപ്പെട്ടതു മുതല്‍ എംപിമാര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, എഡിന്‍ബറോ, കാര്‍ഡിഫ് നേതാക്കള്‍ തുടങ്ങിയവരില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിക്കൊണ്ടിരിക്കുകയാണ്.
വെസ്റ്റ്മിന്‍സ്റ്റര്‍ തങ്ങളുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കാന്‍ ശ്രമിക്കുകയാണെന്ന വിമര്‍ശനമാണ് വെയില്‍സ്, സ്കോട്ട്ലന്‍ഡ് ഭരണകൂടങ്ങള്‍ പ്രധാനമായും ഉന്നയിക്കുന്നത്. സ്കോട്ട്ലന്‍ഡ് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്ജന്, വെയില്‍സ് നേതാവ് കാര്വിന് ജോണ്‍സ് എന്നിവര്‍ ഈ ബില്ലിന്റെ ഉള്ളടക്കത്തെ എതിര്‍ക്കുകയാണ്. 1972ലെ യൂറോപ്യന്‍ കമ്യൂണിറ്റീസ് ആക്ടിനെ റദ്ദാക്കുകയും യൂറോപ്യന്‍ നിയമങ്ങളില്‍ നിന്ന് വിടുതലുമാണ് ബില്‍ ലക്ഷ്യമിടുന്നത്.
എന്നാല്‍ മനുഷ്യാവകാശങ്ങള്‍ വ്യാപകമായി ഹനിക്കാന്‍ ഇടയുണ്ടെന്ന ആശങ്കയാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ബില്ലിനേക്കുറിച്ച് ഉയര്‍ത്തുന്നത്. പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ നിയമങ്ങളില്‍ മാറ്റം വരുത്താന്‍ മന്ത്രിമാര്‍ക്ക് അധികാരം നല്‍കുന്നതാണ് ഈ ബില്‍ എന്ന വിമര്‍ശനം പാര്‍ലമെന്റ് അംഗങ്ങളും ഉന്നയിക്കുന്നു. യുകെയിലെ എല്ലാ പ്രദേശങ്ങളുടെയും താല്പര്യം സംരക്ഷിക്കുന്ന വിധത്തിലുള്ള നടപടികളുമായി മുന്നോട്ടു പോകണമെന്ന് സര്‍ക്കാരിനോട് തങ്ങള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നതായി സ്റ്റര്ജന് പ്രസ്താവനയില്‍ പറഞ്ഞു.
Leave a Reply