ലണ്ടന്‍: മാസ്റ്റര്‍കാര്‍ഡ് ഉപഭോക്താക്കളെ വഞ്ചിച്ച് കോടിക്കണക്കിന് പൗണ്ട് സ്വന്തമാക്കിയെന്ന് പരാതിയിന്മേല്‍ പുനര്‍വാദം നടത്താന്‍ കോടതി ഉത്തരവ്. വിഷയത്തില്‍ ട്രിബ്യൂണല്‍ അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടുണ്ട്. ഹര്‍ജിയില്‍ വാദിക്ക് അനുകൂലമായി വിധിയുണ്ടായാല്‍ യു.കെ ചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്ത നിയമയുദ്ധത്തിന്റെ വിജയമായി ഇത് മാറും. കൂടാതെ 1992 മുതല്‍ 2008 വരെയുള്ള മാസ്റ്റര്‍കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് 300 പൗണ്ട് വരെ നഷ്ടപരിഹാരവും ലഭിച്ചേക്കും. മുന്‍ ഫിനാന്‍ഷ്യല്‍ ഓംബുഡ്‌സുമാനായിരുന്ന വാള്‍ട്ടര്‍ മെറിക്‌സാണ് മാസ്റ്റര്‍കാര്‍ഡിന്റെ ഉപഭോക്താക്കളുടെ വഞ്ചനാപരമായി നിലപാടിനെതിരെ നിയമയുദ്ധം നടത്തുന്നത്. രണ്ടുവര്‍ഷം മുന്‍പ് വിഷയത്തില്‍ നിയമവാദങ്ങള്‍ കേള്‍ക്കണമെന്ന് മെറിക്‌സണ്‍ ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കപ്പെട്ടില്ല. പിന്നീടാണ് വിഷയം കോടതിക്ക് മുന്നിലെത്തുന്നത്. രണ്ടുവര്‍ഷങ്ങള്‍ക്കിപ്പുറം കേസില്‍ പുന്‍വാദം കേള്‍ക്കണമെന്നും വിഷയം വീണ്ടും പരിഗണിക്കണമെന്നും കോടതി ട്രിബ്യൂണലിനോട് ആവശ്യപ്പെട്ടു.

വിഷയത്തില്‍ ഉപഭോക്താക്കള്‍ക്ക് അനുകൂലമായി നിലപാട് ട്രിബ്യൂണല്‍ സ്വീകരിക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്ന് മെറിക്‌സണ്‍ പ്രതികരിച്ചു. പിഴ നല്‍കേണ്ടി വന്നാല്‍ 14 ബില്യണ്‍ പൗണ്ടായിരിക്കും മാസ്റ്റര്‍ കാര്‍ഡിന് നഷ്ടപ്പെടുക. ഇന്നത്തെ കോടതിയുടെ തീരുമാനത്തില്‍ താന്‍ സംതൃപ്തനാണ്. ഏതാണ്ട് 12 വര്‍ഷക്കാലത്തോളം മാസ്റ്റര്‍ കാര്‍ഡ് ഉപഭോക്താക്കളെ വഞ്ചിക്കുകയായിരുന്നു. രാജ്യത്തെ നിയമം പോലും കാറ്റില്‍പ്പറത്തിയാണ് ഇത്തരമൊരു നടപടി മാസ്റ്റര്‍കാര്‍ഡ് സ്വീകരിച്ചത്. അധിക ട്രാന്‍സാക്ഷന്‍ ചാര്‍ജുകള്‍ ഈടാക്കുന്നതിലൂടെ യു.കെ പൗരന്മാരെ വഞ്ചിക്കുകയായിരുന്നു മാസ്റ്റര്‍കാര്‍ഡ് അധികൃതരെന്നും മെറിക്‌സ് ചൂണ്ടിക്കാണിച്ചു.

മാസ്റ്റര്‍കാര്‍ഡിന്റെ പ്രവൃത്തി നിയമപരമായി ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ സാങ്കേതിക കാരണങ്ങള്‍ നിരത്തി രക്ഷപ്പെടാനാണ് കമ്പനി ശ്രമിച്ചത്. എന്നാല്‍ ഇത്തരം കാരണങ്ങള്‍ക്ക് നിയമത്തിന്റെ പിന്തുണയില്ലെന്നാണ് ഇന്നത്തെ കോടതി വിധി സൂചിപ്പിക്കുന്നതെന്നും മെറിക്‌സ് പറഞ്ഞു. അതേസമയം മെറിക്‌സന്റെ വാദങ്ങള്‍ക്ക് ആധികാരികതയില്ലെന്ന് വ്യക്തമാക്കി മാസ്റ്റര്‍കാര്‍ഡ് രംഗത്ത് വന്നിട്ടുണ്ട്. ഇപ്പോള്‍ വന്നിരിക്കുന്ന കോടതി വിധി അന്തിമമല്ല. കേസില്‍ സുപ്രീം കോടതിയെ സമീപക്കണോയെന്ന് കമ്പനി ആലോചിച്ച് വരികയാണ്. ഉചിതമായ സമയത്ത് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. വിഷയത്തില്‍ പുനര്‍വാദം നടത്തണമെന്ന് മാത്രമാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നതെന്നും മാസ്റ്റര്‍കാര്‍ഡ് വക്താവ് ചൂണ്ടിക്കാണിച്ചു.