സ്വന്തം ലേഖകൻ
ലണ്ടൻ : ബ്രെക്സിറ്റ് ബിസിനസുകളെ ബാധിക്കുമെന്ന മുന്നറിയിപ്പുമായി ചാൻസലർ സാജിദ് ജാവിദ്. ബ്രെക്സിറ്റിനു ശേഷം യൂറോപ്യൻ യൂണിയനുമായി യാതൊരു ബന്ധവും ഇല്ലെന്നും അതിനാൽത്തന്നെ ബിസിനസുകാർ പുതിയ നടപടികളുമായി പൊരുത്തപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ബിസിനസുകൾക്കും ബ്രെക്സിറ്റിൽ നിന്ന് പ്രയോജനം ലഭിക്കില്ലെന്ന് ഫിനാൻഷ്യൽ ടൈംസിനോട് സംസാരിച്ച സാജിദ് ജാവിദ് അഭിപ്രായപ്പെട്ടു. ഇത് ഭക്ഷ്യവസ്തുക്കളുടെ വില ഉയരാൻ കാരണമാകുമെന്ന് ഫുഡ് ആൻഡ് ഡ്രിങ്ക് ഫെഡറേഷൻ അറിയിച്ചു. യൂറോപ്യൻ യൂണിയന്റെ പ്രധാന നിയമങ്ങളിൽ നിന്ന് മാറുന്നത് ദോഷകരമാകുമെന്ന് ഓട്ടോമോട്ടീവ്, ഫുഡ് ആൻഡ് ഡ്രിങ്ക്, ഫാർമസ്യൂട്ടിക്കൽ വ്യവസായങ്ങൾ കഴിഞ്ഞ വർഷം തന്നെ സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഏത് യൂറോപ്യൻ യൂണിയൻ നിയമങ്ങളാണ് താൻ ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കാൻ ജാവിദ് വിസമ്മതിച്ചു. ” ചിലർക്ക് പ്രയോജനം ഉണ്ടാവും. മറ്റുചിലർക്ക് ഉണ്ടാവില്ല. ” ജാവിദ് അറിയിച്ചു. യൂറോപ്യൻ യൂണിയൻ നിയമങ്ങൾ പാലിക്കാതെ വിജയം കണ്ടെത്തിയ ജപ്പാനിലെ കാർ വ്യവസായം ഒരു ഉദാഹരണമായി അദ്ദേഹം പറഞ്ഞു.
ഇത് മരണത്തെ വിളിച്ചുവരുത്തുന്നത് പോലെയാണെന്ന് ഫുഡ് ആൻഡ് ഡ്രിങ്ക് ഫെഡറേഷന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ടിം റൈക്രോഫ്റ്റ് ബിബിസിയോട് പറഞ്ഞു. ഈ വർഷാവസാനം പരിവർത്തന കാലയളവ് പൂർത്തിയാകുമ്പോൾ ഭക്ഷ്യവസ്തുക്കളുടെ വില ഉയരുമെന്നാണ് ഇതിനർത്ഥം. “മറ്റു ചിലർക്ക് ഗുണം ഉണ്ടാവുമെങ്കിലും ബാധിക്കപ്പെടുന്ന വ്യവസായങ്ങളുടെ കാര്യവും സർക്കാർ ചിന്തിക്കേണ്ടിയിരിക്കുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു. ചാൻസലറുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി കോൺഫെഡറേഷൻ ഓഫ് ബ്രിട്ടീഷ് ഇൻഡസ്ട്രി (സിബിഐ) പറഞ്ഞു.
യൂറോപ്യൻ യൂണിയനുമായുള്ള ഭാവി വ്യാപാര ബന്ധം സർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ല. യുകെയുടെ വാർഷിക സാമ്പത്തിക വളർച്ച 2.7 മുതൽ 2.8 ശതമാനത്തിനിടയിൽ ഇരട്ടിയാക്കണമെന്നും ചാൻസലർ പറഞ്ഞു. ഉയർന്ന സാമ്പത്തിക വളർച്ചയും ഉയർന്ന ഉൽപാദനക്ഷമതയുമുള്ള സ്ഥലങ്ങളിൽ സർക്കാർ നിക്ഷേപത്തെ അനുകൂലിക്കുന്ന ട്രഷറി നിക്ഷേപ നിയമങ്ങൾ മാറ്റിയെഴുതാമെന്നും അദ്ദേഹം പറഞ്ഞു.
Leave a Reply