സ്വന്തം ലേഖകൻ

ലെസ്റ്റർ സിറ്റി : ലെസ്റ്ററിലും വെസ്റ്റ് യോർക്ക്ഷെയറിലും കൊറോണ വൈറസ് അതിവേഗം പടർന്നുപിടിക്കുകയാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം ലെസ്റ്ററിൽ സ്ഥിരീകരിച്ച 2,494 കോവിഡ് കേസുകളിൽ 25% കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെയാണ് റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്. രോഗബാധിതരെ കണ്ടെത്താൻ ആരോഗ്യപ്രവർത്തകർ കഠിനമായി പരിശ്രമിക്കുന്നുണ്ടെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് വ്യക്തമാക്കി. അതേസമയം, അസ്ഡ സ്റ്റോറുകളുടെ വിതരണക്കാരായ വെസ്റ്റ് യോർക്ക്ഷെയറിലെ ഡ്യൂസ്ബറിക്കടുത്തുള്ള ക്ലെക്ക്ഹീറ്റനിലെ കോബർ ഫാക്ടറിയിൽ നിരവധി കോവിഡ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ലെസ്റ്ററിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ സ്ഥിരീകരിച്ചത് 658 കേസുകളാണ്. സംഖ്യ താരതമ്യേന ചെറുതാണെന്നും എന്നാൽ ആശങ്കയുണ്ടെന്നും ലെസ്റ്റർ സിറ്റി കൗൺസിലിന്റെ പബ്ലിക് ഹെൽത്ത് ഡയറക്ടർ ഇവാൻ ബ്രൗൺ പറഞ്ഞു. ലോക്ക്ഡൗൺ നിയമങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ടെങ്കിലും അണുബാധയ്ക്കുള്ള സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. രോഗം പൊട്ടിപുറപ്പെട്ടതിനെത്തുടർന്ന് വെസ്റ്റ് യോർക്ക്ഷെയറിലെ ഇറച്ചി സംസ്കരണ പ്ലാന്റ് താൽക്കാലികമായി അടയ്ക്കുകയാണെന്ന് വ്യാഴാഴ്ച വൈകുന്നേരം അസ്ഡ അറിയിച്ചു.

“കോബർ സൈറ്റിലെ ജോലിക്കാർക്ക് കോവിഡ് -19 സ്ഥിരീകരിച്ചയുടനെ പ്രാദേശിക അതോറിറ്റിയുമായും പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടുമായും സഹകരിച്ച് എല്ലാ ജോലിക്കാരെയും ഞങ്ങൾ പരിശോധിക്കുകയുണ്ടായി. രോഗബാധിതരെ സംരക്ഷിക്കുന്നതിനും കൂടുതൽ പ്രക്ഷേപണം തടയുന്നതിനുമായി സൈറ്റ് അടച്ചിരിക്കുകയാണ്. ” പ്രസ്താവനയിൽ ഇപ്രകാരം പറഞ്ഞു. ക്ലെക്ക്ഹീറ്റനിലെ ഇറച്ചി സംസ്കരണ പ്ലാന്റ് ഉൾപ്പെടുന്ന ബാറ്റ്‌ലി ആന്റ് സ്‌പെന്റെ എംപിയായ ട്രേസി ബ്രാബിൻ, രോഗം പൊട്ടിപുറപ്പെട്ടതിൽ തനിക്ക് നിരാശയുണ്ടെന്ന് അറിയിച്ചു. രോഗം പൊട്ടിപ്പുറപ്പെട്ട ഉടനെ ആവശ്യമായ മുൻകരുതൽ സ്വീകരിച്ച പ്രാദേശിക അധികാരികളെയും പൊതുജനാരോഗ്യ ഉദ്യോഗസ്ഥരെയും ഹാൻ‌കോക്ക് പ്രശംസിച്ചു.

കഴിഞ്ഞ ദിവസം വെയിൽസിലെ രണ്ട് ഫുഡ് പ്രോസസ്സിംഗ് പ്ലാന്റുകളിലെ തൊഴിലാളികൾക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. തണുത്തതും നനഞ്ഞതുമായ അന്തരീക്ഷത്തിൽ കൊറോണ വൈറസ് അതിവേഗം വ്യാപിക്കും. ഇതാണ് ഇറച്ചി ഫാക്ടറികളിൽ രോഗം പടർന്നുപിടിക്കാനുള്ള പ്രധാന കാരണം. തിരക്കേറിയ ഇടങ്ങളിൽ സാമൂഹിക അകലം പാലിക്കുവാനും കഴിയുന്നില്ല. വൈറസിന് നിലനിൽക്കാനും അതിവേഗം വ്യാപിക്കുവാനും അനുയോജ്യമായ ഇടങ്ങളാണ് ഇറച്ചി സംസ്കരണ പ്ലാന്റുകൾ എന്ന് ലിവർപൂൾ സർവകലാശാലയിലെ പകർച്ചവ്യാധി വിദഗ്ധനും സർക്കാരിന്റെ ഉപദേശകനുമായ പ്രൊഫ. കലം സെംമ്പിൾ വ്യക്തമാക്കി.