ലണ്ടന്‍: യുകെയിലെ ചെറുകിട ഇടത്തരം വ്യവസായങ്ങളില്‍ ജോലി ചെയ്യുന്ന വിദഗ്ദ്ധ തൊഴിലാളികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടാകുമെന്ന് ആശങ്ക. ബ്രെക്‌സിറ്റ് അനിശ്ചിതത്വങ്ങളാണ് ഈ ആശങ്കയ്ക്ക് കാരണം. ഏഴു വര്‍ഷങ്ങള്‍ക്കിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന ഉദ്പാദന നിരക്കാണ് ജൂലൈ വരെയുള്ള മൂന്ന് മാസങ്ങളില്‍ ഉണ്ടായയത്. എന്നാല്‍ വിദഗ്ദ്ധ മേഖലയിലെ തൊഴിലാളികള്‍ കുറയുന്നത് ഈനിരക്കിനെ പിന്നോട്ടടിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. 1989 ഒക്ടോബറിനു ശേഷം ആദ്യമായാണ് ഇത്തരം ഒരു പ്രതിസന്ധി ഉയരുന്നത്.

മെയ് വരെയുള്ള മൂന്ന് മാസങ്ങളില്‍ യുകെയിലെ തൊഴിലില്ലായ്മാ നിരക്ക് 4.2 ശതമാനമായി കുറഞ്ഞിട്ടുണ്ട്.. 1975ല്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കിനേക്കാള്‍ താഴെയാണ് ഇത്. എന്നാല്‍ ബ്രെക്‌സിറ്റ് മൂലം വിദഗ്ദ്ധ മേഖലയിലുള്ള വിദേശ തൊഴിലാളികള്‍ എത്തുന്നത് കുറയുമെന്ന് വിലയിരുത്തപ്പെടുന്നു. തദ്ദേശീയരായ തൊഴിലാളികളില്‍ നിന്ന് വിദഗ്ദ്ധ മേഖലയിലുള്ളവരെ കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്ന വിലയിരുത്തലും ഉണ്ട്. ചെറുകിട വ്യവസായങ്ങള്‍ക്ക് ഓര്‍ഡറുകള്‍ ലഭിക്കുന്നതില്‍ ഇപ്പോള്‍ തടസങ്ങള്‍ ഇല്ലെന്നാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഡസ്ട്രി 364 ഉദ്പാദകരില്‍ നടത്തിയ സര്‍വേ വ്യക്തമാക്കുന്നത്.

ഈ വളര്‍ച്ച പക്ഷേ വേണ്ടത്ര തൊഴിലാളികള്‍ ഇല്ലെങ്കില്‍ പിന്നോട്ടാകുമെന്നാണ് വിശദീകരിക്കപ്പെടുന്നത്. 2011 ഏപ്രില്‍ മുതല്‍ ദൃശ്യമായ കയറ്റുമതി വളര്‍ച്ചയെയും ഇത് പിന്നോട്ടടിക്കും. ബ്രിട്ടനിലെ വിദഗ്ദ്ധ തൊഴിലാളികളില്‍ ഭൂരിപക്ഷവും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവാണെന്നതാണ് പ്രതിസന്ധി വര്‍ദ്ധിപ്പിക്കുന്നത്.