ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൻ പുറത്തുവന്നത് ജീവിതചിലവുകളിൽ വൻവർദ്ധനവിന് കാരണമായതായുള്ള കണക്കുകൾ പുറത്തുവന്നു. 2021 അവസാനം വരെയുള്ള രണ്ടു വർഷങ്ങളിൽ ബ്രെക്സിറ്റ് ശരാശരി ഗാർഹിക ഭക്ഷണ ബില്ലുകളിൽ 210 പൗണ്ട് കൂട്ടുന്നതിന് കാരണമായതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിലെ വിദഗ്ധർ നടത്തിയ പഠനത്തിലാണ് പുതിയ വെളിപ്പെടുത്തലുകൾ. രാജ്യത്തിൻറെ അതിർത്തിക്ക് പുറത്തുനിന്ന് വരുന്ന ഭക്ഷണ സാധനങ്ങളുടെ വിലയിൽ ബ്രെക്സിറ്റിന് ശേഷം 6 ശതമാനം വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്. ഇത് മൊത്തത്തിൽ 5.84 ബില്യൺ പൗണ്ടിന്റെ അധികഭാരം വരുത്തി വച്ചതായാണ് കണ്ടെത്തൽ .
താരതമ്യേന വരുമാനം കുറഞ്ഞവരെയാണ് ഭക്ഷണസാധനങ്ങളുടെ വിലക്കയറ്റം കാര്യമായി ബാധിച്ചിരിക്കുന്നത്. യൂറോപ്യൻ യൂണിയനിൽ നിന്ന് സാധനങ്ങൾ ഇറക്കുമതി ചെയ്യുമ്പോഴുണ്ടാകുന്ന കസ്റ്റംസ് പരിശോധനകളും മറ്റ് നടപടിക്രമങ്ങളുമാണ് ഇറക്കമതി ചെയ്യുന്ന സാധനങ്ങളുടെ വർദ്ധനവിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് . അതോടൊപ്പം ചുവപ്പുനാടയും ഭക്ഷ്യവിലയിലെ വർദ്ധനവിന് ഒരു കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നു. 2021 വരെ ഇറക്കുമതി ചെയ്യുന്ന ഭക്ഷണസാധനങ്ങൾക്ക് അധിക പരിശോധനകൾ നിലവിൽ വന്നിരുന്നില്ലെങ്കിലും കമ്പനികൾ ബ്രെക്സിറ്റ് മുന്നിൽ കണ്ട് ഏർപ്പെടുത്തിയ മാറ്റങ്ങളും സാധനങ്ങളുടെ വിലയിലെ കുതിച്ചു കയറ്റത്തിന് കാരണമായി.
ബ്രെക്സിറ്റ് വഴിയായി യുകെ ആസ്ഥാനമായിട്ടുള്ള കമ്പനികൾക്ക് കൂടുതൽ നേട്ടമുണ്ടാക്കാനായതായും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട് . യൂറോപ്പിൽ യൂണിയൻ രാജ്യങ്ങളുമായുള്ള മത്സരം ഒഴിവാക്കാനായതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കടുത്ത പണപ്പെരുപ്പവും ജീവിത ചിലവുകളിലെ വർദ്ധനവും മൂലം രാജ്യത്ത് സാധാരണ ജനങ്ങളുടെ ജീവിതം ദുരിത പൂർണമായിരിക്കുകയാണ്. പഠനത്തോടൊപ്പം ജോലിചെയ്ത് ജീവിതം കരുപിടിപ്പിക്കാമെന്ന സ്വപ്നം കണ്ട് യുകെയിലെത്തിയ മലയാളി വിദ്യാർഥികളിൽ ഭൂരിഭാഗവും ജീവിത ചിലവിലെ വർദ്ധനവിന്റെ ദുരിത ഫലം അനുഭവിക്കുന്നവരാണ്.
Leave a Reply