ചില മേഖലകളില്‍ അവിദഗ്ദ്ധ തൊഴിലാളികള്‍ക്കും പ്രവേശനം നല്‍കാന്‍ അനുവദിക്കുന്ന ഇമിഗ്രേഷന്‍ നയത്തിന് പ്രധാനമന്ത്രിയുടെ അംഗീകാരം. ബ്രെക്‌സിറ്റിനു ശേഷം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന നയത്തിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. കൃഷി, സോഷ്യല്‍ കെയര്‍, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ തൊഴിലാളികളെ നിയമിക്കുന്നതിനാണ് വൈദഗ്ദ്ധ്യം കണക്കാക്കാതെയുള്ള ഇമിഗ്രേഷന് അനുമതി നല്‍കാനുള്ള നയം ഹോം സെക്രട്ടറി സാജിദ് ജാവീദ് തയ്യാറാക്കിയിരിക്കുന്നത്. ഭാവിയില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കരുതെന്ന ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ടിന്റെ ആശയത്തിനു മേല്‍ ജാവിദ് വിജയം നേടിയിരിക്കുന്നു എന്നാണ് ഈ പദ്ധതി വ്യക്തമാക്കുന്നത്.
തെരേസ മേയുടെ ബ്രെക്‌സിറ്റ് ചെക്കേഴ്‌സ് പ്രൊപ്പോസലുകള്‍ക്ക് അനുസൃതമായാണ് പുതിയ നയവും അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ പ്രധാനമന്ത്രിയുടെ ബ്രെക്‌സിറ്റ് നയങ്ങള്‍ക്കെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സമീപനത്തില്‍ മാറ്റം വരുത്തണമെന്നാണ് ചില മന്ത്രിമാര്‍ ഉള്‍പ്പെടെ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നത്. അവിദഗ്ദ്ധ തൊഴിലാളികള്‍ക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കാന്‍ പാടില്ലെന്ന് സ്വതന്ത്ര മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി കഴിഞ്ഞയാഴ്ച ശുപാര്‍ശ നല്‍കിയിരുന്നു. ഭാവി ഇമിഗ്രേഷന്‍ നയങ്ങളെക്കുറിച്ചുള്ള ശുപാര്‍ശയിലാണ് സമിതി ഇക്കാര്യം പറഞ്ഞത്.
എന്നാല്‍ അതിനെ പാടെ അവഗണിച്ചു കൊണ്ടാണ് ഇപ്പോള്‍ പുതിയ നയം അവതരിപ്പിക്കുകയും പ്രധാനമന്ത്രി അതിന് അംഗീകാരം നല്‍കുകയും ചെയ്തിരിക്കുന്നത്. എന്നാല്‍ സീസണല്‍ കാര്‍ഷിക മേഖല, സോഷ്യല്‍ കെയര്‍, ഹോസ്പിറ്റാലിറ്റി തുടങ്ങിയവയില്‍ ലോ സ്‌കില്‍ഡ് വര്‍ക്കര്‍മാരെ അനുവദിക്കേണ്ടതുണ്ടെന്നാണ് കരുതുന്നതെന്ന് ഹോം ഓഫീസ് വൃത്തങ്ങള്‍ പറയുന്നു.
Leave a Reply