ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ബ്രസൽസ് : ഒക്ടോബർ 31 എന്ന തീയതി ഇനി മറന്നേക്കൂ. ബ്രെക്സിറ്റിൽ പുതിയ വഴിത്തിരിവ്. 2020 ജനുവരി 31 വരെ ബ്രെക്സിറ്റ് നീട്ടണമെന്നുള്ള ബ്രിട്ടന്റെ അഭ്യർത്ഥനയക്ക് യൂറോപ്യൻ യൂണിയന്റെ അനുമതി. അതുകൊണ്ട് തന്നെ മുൻ നിശ്ചയപ്രകാരം അന്തിമ കാലാവധിയായിരുന്ന ഈ വ്യാഴാഴ്ച ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടില്ല. യൂറോപ്യൻ യൂണിയനിൽ നിലവിലുള്ള 27 അംഗരാജ്യങ്ങളും ബ്രെക്സിറ്റ്‌ നീട്ടുന്നതിന് അനുമതി നൽകിയതായി പ്രസിഡന്റ്‌ ഡൊണാൾഡ് ടസ്‌ക് അറിയിച്ചു. ഒക്ടോബർ 31ന് തന്നെ എന്ത് വന്നാലും യൂറോപ്യൻ യൂണിയൻ വിടുമെന്ന ഉറച്ച നിലപാടിലായിരുന്നു ജോൺസൻ. എന്നാൽ പാർലമെന്റിൽ ഏറ്റ കനത്ത തിരിച്ചടി മൂലമാണ് അധികസമയത്തിനായി യൂറോപ്യൻ യൂണിയനോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സമയം നീട്ടിചോദിക്കണമെന്ന നിലപാടാണ് ഭൂരിഭാഗം എംപിമാരും കൈകൊണ്ടത്. ജോൺസൻ കൊണ്ടുവന്ന പുതിയ ബ്രെക്സിറ്റ്‌ കരാറിന് അവർ അംഗീകാരം നൽകിയതുമില്ല. ബ്രെക്സിറ്റ് സമയപരിധി നീട്ടാൻ പ്രധാനമന്ത്രിയെ നിർബന്ധിക്കുന്ന ഒരു നിയമവും അവർ പാസ്സാക്കിയിരുന്നു. പാർലമെന്റിന്റെ അഭ്യർത്ഥനയും ബ്രിട്ടനിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയും കണക്കിലെടുത്താണ് ബ്രെക്സിറ്റ്‌ സമയപരിധി നീട്ടാൻ യൂറോപ്യൻ യൂണിയൻ അനുമതി നൽകിയത്.

28 രാജ്യങ്ങളുടെ കൂട്ടായ്മ ആയ യൂറോപ്യൻ യൂണിയനിൽ നിന്ന് വിട്ടുപോകാനുള്ള ബ്രിട്ടന്റെ കരാറായ ബ്രെക്സിറ്റ്‌, നേരത്തെ രണ്ടു പ്രാവശ്യം നീട്ടിവെച്ചിരുന്നു. നിലവിലെ പാർലമെന്റിൽ ബ്രെക്സിറ്റ്‌ തീരുമാനത്തിന് ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ ഡിസംബറിൽ തെരഞ്ഞെടുപ്പ് നടത്താൻ പ്രധാനമന്ത്രി ബോറിസ് ജോൺസൻ ശ്രമം തുടങ്ങിയിരുന്നു. ഇതിനിടയിലാണ് തീയതി നീട്ടിയുള്ള തീരുമാനം. എന്നിരുന്നാലും ബ്രെക്സിറ്റ്‌ പ്രശ്നങ്ങൾ പ്രധാനമന്ത്രിയ്ക്ക് കൂടുതൽ തലവേദന സൃഷ്ടിക്കുകയെ ഉള്ളൂ.