ന്യൂസ് ഡെസ്ക് മലയാളം യുകെ

ലോക്ഡൗൺ നിയന്ത്രണങ്ങളിലെ ഇളവുകളെ സംബന്ധിച്ചുള്ള അനിശ്ചിതത്വത്തിനിടയിൽ ജെറ്റ് 2 തങ്ങളുടെ ഫ്ലൈറ്റുകളും അവധിക്കാല വിനോദസഞ്ചാര ബുക്കിംഗും ജൂൺ 23 വരെ റദ്ദാക്കിയതായി അറിയിച്ചു. ഇതോടെ ഒട്ടേറെ യുകെ മലയാളികളുടെ അവധിക്കാല വിനോദയാത്ര പദ്ധതികൾ അനിശ്ചിതത്വത്തിൽ ആയി. യാത്രാ നിർദേശങ്ങളെക്കുറിച്ച് വ്യക്തതയില്ലാത്തതിനാലാണ് ഈ നടപടിയെന്ന് ജെറ്റ് 2 ഹോളിഡേയ്‌സ് സിഇഒ സ്റ്റീവ് ഹീപ്പി പറഞ്ഞു.

മെയ് 17 മുതൽ ഗ്രീൻ കാറ്റഗറിയിലുള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ക്വാറന്റൈൻ ആവശ്യമില്ല എന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ മെയ് 17 മുതൽ ബ്രിട്ടീഷുകാർക്ക് അവധിക്കാലം ആഘോഷിക്കാൻ വിദേശത്തേക്ക് പോകാൻ അനുവാദം ഉണ്ടോ, ഉണ്ടെങ്കിൽ തന്നെ മടങ്ങിയെത്തുമ്പോൾ ക്വാറന്റൈൻ ആവശ്യമാണോ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വ്യക്തത വരുത്താൻ ഡിപ്പാർട്ട്മെൻറ് ഓഫ് ട്രാൻസ്പോർട്ട് വിസമ്മതിച്ചു. അതുപോലെതന്നെ സന്ദർശിക്കാൻ പറ്റുന്ന സ്ഥലങ്ങളെക്കുറിച്ചുള്ള അനിശ്ചിതത്വവും തുടരുകയാണ്. പലരാജ്യങ്ങളിലെയും രോഗവ്യാപനതോത് മാറിമറിയുന്നതിനാൽ യാത്രാനുമതിയുള്ള രാജ്യങ്ങളുടെ പട്ടിക മുൻകൂട്ടി തയ്യാറാക്കാൻ പറ്റില്ലെന്ന ന്യായമാണ് ഡിപ്പാർട്ട്മെൻറ് ഓഫ് ട്രാൻസ്പോർട്ടിനുള്ളത്.