പുതിയ പ്രധാനമന്ത്രി ആരെന്നറിയാനും ബ്രെക്സിറ്റിനെ അദ്ദേഹം എങ്ങനെ നേരിടുമെന്നറിയാനും ബ്രിട്ടൺ കാത്തിരിക്കുകയാണ്. എന്നാൽ യൂറോപ്യൻ യൂണിയൻ നേതാക്കൾ ബ്രെക്സിറ്റ്‌ പിൻവലിക്കൽ കരാറിൽ കടുത്ത നിലാപാടാണ് സ്വീകരിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ബ്രസ്സൽസിൽ നടന്ന യോഗത്തിൽ യൂറോപ്യൻ യൂണിയൻ നേതാക്കൾ ബ്രെക്സിറ്റിനെക്കുറിച്ച് ചർച്ച ചെയ്യുകയുണ്ടായി. പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക്, ബ്രെക്സിറ്റ്‌ പിൻവലിക്കൽ കരാർ സംബന്ധിച്ച് വീണ്ടും ചർച്ച നടത്താൻ കഴിയില്ലെന്ന് യൂറോപ്യൻ യൂണിയൻ നേതാക്കൾ ഏകകണ്ഠമായി തീരുമാനമെടുത്തെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ്‌ പറഞ്ഞു. ബാക്കിയുള്ള യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ 27 പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരുമായും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം വെള്ളിയാഴ്ച പത്രസമ്മേളനത്തിൽ ജീൻ ക്ലോഡ് ജുങ്കർ ഇപ്രകാരം പറഞ്ഞു. “ബ്രെക്സിറ്റിൽ പുതുതായി ഒന്നുമില്ല. പിൻവലിക്കൽ കരാറിനെകുറിച്ച് വീണ്ടും ചർച്ചനടക്കില്ലെന്ന് ഞങ്ങൾ ഏകകണ്ഠമായി ആവർത്തിച്ചുപറഞ്ഞു.” അടുത്ത യു കെ പ്രധാനമന്ത്രിയുമായി ഒരുമിച്ച് പ്രവർത്തിക്കുവാനും ബ്രിട്ടനുമായി നല്ലൊരു ബന്ധം നിലനിർത്തുവാനും ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് ജുങ്കറിന്റെ സഹപ്രവർത്തകനായ ഡൊണാൾഡ് ടസ്‌ക് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അവസാന രണ്ട് പ്രധാനമന്ത്രി സ്ഥാനാർഥികളായ ബോറിസ് ജോൺസണും ജെറമി ഹണ്ടും, ബ്രെക്സിറ്റ്‌ ഇടപാട് വീണ്ടും ചർച്ച ചെയ്യുമെന്ന് പറഞ്ഞിട്ടുണ്ട്. ബ്രെക്സിറ്റ്‌ നടപടികൾ ഇനി ആവേശകരമാകുമെങ്കിലും യാതൊരു മാറ്റങ്ങൾക്കും സാധ്യതയില്ലെന്ന് ടസ്‌ക് പറഞ്ഞു. ബ്രസ്സൽസ് യോഗത്തിൽ പങ്കെടുത്ത ഐറിഷ് പ്രധാമന്ത്രി ലിയോ വരദ്കർ ഇപ്രകാരം പറഞ്ഞു ” യൂറോപ്യൻ യൂണിയൻ നേതാക്കൾക്ക് ബ്രിട്ടനുമായി അവരുടെ ക്ഷമ നഷ്ടപ്പെട്ടിരിക്കുന്നു. ഒക്ടോബർ 31എന്ന തീയതി അന്തിമമാണ്. ഒരു തെരഞ്ഞെടുപ്പിനുവേണ്ടി മാത്രമേ അവർ ഈ തീയതി നീട്ടികൊടുക്കുകയുള്ളു.” വ്യാഴാഴ്ച തുടങ്ങിയ ബ്രസ്സൽസ് യോഗത്തിൽ തെരേസ മേയ് പങ്കെടുത്തിരുന്നു.

ഒക്ടോബർ 31ന് ഒരു തീരുമാനത്തിൽ എത്തിയില്ലെങ്കിൽ ബ്രിട്ടനും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും തമ്മിലുള്ള ബന്ധം താറുമാറാകും.ഇത് ബ്രിട്ടന്റെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക മേഖലകളെ ബാധിക്കും. പുതിയ പ്രധാനമന്ത്രിക്ക് ഇതൊരു വലിയ വെല്ലുവിളിയാകുമെന്ന കാര്യത്തിൽ സംശയമില്ല. ജൂലൈ 22നാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്. അതിനു ശേഷമുള്ള മൂന്നു മാസം കൊണ്ട് പുതിയ പ്രധാനമന്ത്രി എങ്ങനെ ബ്രെക്സിറ്റ്‌ ഇടപാട് നടപ്പിലാക്കുമെന്ന് ലോകം മുഴുവൻ ഉറ്റുനോക്കുന്നു.