ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലക്സംബർഗ് : യൂറോപ്യൻ യൂണിയൻ ദ്വിദിന ഉച്ചകോടിയിൽ ബ്രെക്സിറ്റ് ഇടപാടുകൾ നടത്താൻ സാധിക്കുമെന്ന് യൂറോപ്യൻ യൂണിയന്റെ ബ്രെക്സിറ്റ് വക്താവ് മൈക്കിൾ ബാർനിയർ പറഞ്ഞു. യൂറോപ്യൻ യൂണിയനിലെ മന്ത്രിമാരുടെ യോഗത്തിന് മുമ്പ് മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം, നല്ല ഉദ്ദേശ്യങ്ങളൊക്കെ നിയമപരമായ പാഠമാക്കി മാറ്റുവാൻ ബ്രിട്ടന് സമയമായെന്നും അറിയിച്ചു. ഈ ബ്രെക്സിറ്റ് ഇടപാട് ബുദ്ധിമുട്ടാണെങ്കിലും ഇരുപക്ഷവും വിശദാംശങ്ങൾ അംഗീകരിക്കേണ്ടതുണ്ടെന്നും ബാർനിയർ അഭിപ്രായപ്പെട്ടു. ചർച്ചകൾ രൂക്ഷമായപ്പോൾ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഫ്രാൻസിന്റെ ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു.ചർച്ചകൾ ശരിയായ ദിശയിലേക്ക് നീങ്ങുന്നുവെന്ന് ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കർ പറഞ്ഞു. ഒക്ടോബർ അവസാനം തന്നെ യൂറോപ്യൻ യൂണിയൻ വിടുമെന്ന നിലപാടിലാണ് ജോൺസൻ. എന്നാൽ ഒക്ടോബർ 19നകം ഒരു കരാറുണ്ടാക്കിയില്ലെങ്കിൽ ബ്രെക്‌സിറ്റ് സമയപരിധി നീട്ടാൻ പ്രധാനമന്ത്രി നിർബന്ധിതനാവും.
ഒരു കരാറിൽ എത്തുന്നത് ഇപ്പോഴും സാധ്യമായ കാര്യമാണെന്നും അതിനാൽ എല്ലാവരുമായി ചേർന്ന് പോകുന്ന കരാർ സൃഷ്ടിക്കണമെന്നും ബാർനിയർ പറഞ്ഞു. യൂറോപ്യൻ യൂണിയൻ ആവശ്യങ്ങൾ അംഗീകരിക്കുന്നതോടൊപ്പം ഐറിഷ് കടലിലെ കസ്റ്റംസ് അതിർത്തി അംഗീകരിക്കുകയും വേണം.ഒപ്പം ഐറിഷ് ബാക്കസ്റ്റോപ് വിഷയത്തിലും യുകെ വ്യക്തമായ നിലപാട് സ്വീകരിക്കണം. ബ്രെക്‌സിറ്റ് സെക്രട്ടറി സ്റ്റീഫൻ ബാർക്ലേയും ഇന്നലത്തെ യോഗത്തിൽ പങ്കെടുത്തിരുന്നു. ബുദ്ധിമുട്ടാണെങ്കിലും ഒരു ബ്രെക്സിറ്റ് ഇടപാട് ഈയാഴ്ചയിൽ സാധ്യമാണെന്നും അതിനായി ഞങ്ങൾ പ്രവർത്തിച്ചുവരികയാണെന്നും ബാർനിയർ കൂട്ടിച്ചേർത്തു.
ഈ വ്യാഴാഴ്ച ബ്രസൽസിൽ യൂറോപ്യൻ യൂണിയൻ നേതാക്കളുടെ നിർണായക ദ്വിദിന ഉച്ചകോടി ആരംഭിക്കും. നിലവിൽ ബ്രെക്സിറ്റ് സമയപരിധിക്ക് മുമ്പായി വെച്ചിരിക്കുന്ന അവസാനത്തെ മീറ്റിംഗാണിത്. അതിനാൽ തന്നെ ഈ യോഗം ജോൺസന് വളരെ പ്രധാനപ്പെട്ടതാണ്. ഒരു കാലതാമസം ആവശ്യപ്പെടാതിരിക്കാനായി ശനിയാഴ്ചയോടെ എംപിമാർ അംഗീകരിച്ച പുതിയ കരാർ ജോൺസന് നേടേണ്ടതായി വരും.
Leave a Reply