ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ആയിരത്തോളം വർഷം പാരമ്പര്യമുള്ള രണ്ടു മണിക്കൂർ സമയമെടുത്ത ചാൾസ് രാജാവിൻറെ കിരീട ധാരണത്തിന്റെ ചടങ്ങുകൾ ശരാശരി 18 ദശലക്ഷത്തിലധികം ആൾക്കാരാണ് യുകെയിൽ മാത്രം കണ്ടത്. പ്രൗഢഗംഭീരമായ ചടങ്ങിലാണ് ലോകത്തെ സാക്ഷിയാക്കി ചാൾസ് മൂന്നാമൻ രാജാവ് കിരീടമണിഞ്ഞത്. രാജാവും കാമില രാജ്ഞിയും കിരീടമണിഞ്ഞ ചടങ്ങ് യുകെ സമയം 11 മണി മുതൽ ഉച്ച കഴിഞ്ഞ് 1 മണി വരെ വിവിധ ചാനലുകളിൽ ഒരേസമയം സംപ്രേഷണം ചെയ്തിരുന്നു.

 

ശരാശരി കാഴ്ചക്കാരുടെ എണ്ണം 18 ദശലക്ഷമാണെങ്കിലും ഉച്ചയ്ക്ക് ശേഷം കിരീടധാരണത്തിന്റെ പ്രധാന സമയത്ത് കാഴ്ചക്കാരുടെ എണ്ണം 20.4 ദശലക്ഷത്തിലെത്തിയെന്നാണ് കണക്കുകൾ . ബിബിസി, ഐടി വി , സ്കൈന്യൂസ് എന്നിവയുൾപ്പെടെ 11 ചാനലുകളിലായാണ് ജനങ്ങൾ കിരീട ധാരണ ചടങ്ങുകൾ വീക്ഷിച്ചത്. 1953 -ല്‍ എലിസബത്ത് രാജ്ഞിയുടെ കിരീട ധാരണ ചടങ്ങുകൾ ദശലക്ഷക്കണക്കിന് ആൾക്കാർ കണ്ടതായാണ് കരുതപ്പെടുന്നത് . എന്നാൽ അന്നത്തെ കാഴ്ചക്കാരുടെ എണ്ണത്തെക്കുറിച്ച് വ്യക്തമായ കണക്കുകൾ ഒന്നും ലഭ്യമല്ല.

എലിസബത്ത് രാജ്ഞിയുടെ ശവസംസ്കാര ചടങ്ങുകൾ ശരാശരി 26.5 ദശലക്ഷം പേർ കണ്ടതായാണ് കണക്കുകൾ . എന്നാൽ 1997 -ൽ വെയിൽസിലെ രാജകുമാരിയും രാജാവിൻറെ മുൻ ഭാര്യയുമായിരുന്ന ഡയാന രാജകുമാരിയുടെ ശവസംസ്കാര ചടങ്ങുകൾ ബിബിസിയും ഐടി വി യിലുമായി 31 ദശലക്ഷം ആൾക്കാർ കണ്ടതായാണ് കണക്കുകൾ . ഇത് ലോകത്തിലെ തന്നെ ഏറ്റവും വലിയ റെക്കോർഡ് ആണ്