ബ്രെക്‌സിറ്റില്‍ വീണ്ടും ഒരു ഹിതപരിശോധന വേണമെന്ന് ബ്രിട്ടനിലെ ട്രേഡ് യൂണിയനുകള്‍ ആവശ്യപ്പെട്ടേക്കുമെന്ന് സൂചന. പ്രധാനപ്പെട്ട ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദിയായ ട്രേഡ്‌സ് യൂണിയന്‍ കോണ്‍ഗ്രസിന്റെ മാഞ്ചസ്റ്ററില്‍ നടക്കുന്ന വാര്‍ഷിക കോണ്‍ഫറന്‍സില്‍ ഇതു സംബന്ധിച്ചുള്ള തീരുമാനം ഉണ്ടായേക്കും. ബ്രെക്‌സിറ്റില്‍ ഒരു അന്തിമ അഭിപ്രായ രൂപീകരണത്തിനായി ഹിതപരിശോധന വേണമെന്നായിരിക്കും യൂണിയന്‍ നേതൃത്വങ്ങള്‍ ആവശ്യപ്പെടുക. നോ-ഡീല്‍ ബ്രെക്‌സിറ്റിന് കളമൊരുങ്ങുന്നു എന്ന ആശങ്കകള്‍ ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നീക്കം. ഇക്കാര്യത്തില്‍ സംഘടനയുടെ ജനറല്‍ കൗണ്‍സില്‍ ഇന്ന് പ്രസ്താവനയിറക്കും.
ഹാര്‍ഡ് ബ്രെക്‌സിറ്റിന് വിരുദ്ധമായ നിലപാട് കടുപ്പിക്കാനാണ് യൂണിയനുകളുടെ നീക്കം. അതുകൊണ്ടു തന്നെയാണ് ഫൈനല്‍ സേ വോട്ടിനായി യൂണിയനുകള്‍ സുപ്രധാന നീക്കം നടത്തുന്നത്. ബ്രസല്‍സുമായി തെരേസ മേയ് എത്തിച്ചേരാനിടയുള്ള ഏതു തീരുമാനത്തിനും ജനഹിതം പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന രണ്ട് നീക്കങ്ങള്‍ക്കാണ് യൂണിയനുകള്‍ ഉദ്ദേശിക്കുന്നത്. ഇതിനായി കൂടുതല്‍ ശക്തമായ നിലപാട് സംഘടന സ്വീകരിക്കും. ബ്രിട്ടനിലെ മൂന്ന് പ്രമുഖ യൂണിയനുകളായ യുണൈറ്റ്, യൂണിസണ്‍, ജിഎംബി തുടങ്ങിയവയിലെ അംഗങ്ങളില്‍ ഭൂരിപക്ഷവും പുതിയൊരു ഹിതപരിശോധന നടത്തണമെന്ന അഭിപ്രായമുള്ളവരാണെന്ന് പുതിയൊരു സര്‍വേയില്‍ വ്യക്തമായിരുന്നു.
ടിയുസി കോണ്‍ഫറന്‍സില്‍ രൂപീകരിക്കപ്പെടുന്ന അഭിപ്രായം ലേബര്‍ പാര്‍ട്ടിയിലും നേതാവ് ജെറമി കോര്‍ബിനിലുമായിരിക്കും കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുക. ഫൈനല്‍ സേയില്‍ ഹിതപരിശോധന വേണമെന്ന് പ്രധാന പ്രതിപക്ഷ കക്ഷിയെന്ന നിലയില്‍ ലേബര്‍ പാര്‍ട്ടിക്ക് ഇതോടെ ആവശ്യമുന്നയിക്കേണ്ടതായി വരും. നോ-ഡീല്‍ ബ്രെക്‌സിറ്റ് സംഭവിച്ചാല്‍ അത് തൊഴിലാളികള്‍ക്കു മേല്‍ വരുത്തുന്ന ദോഷഫലങ്ങളെക്കുറിച്ചുള്ള വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് ടിയുസിയുടെ തീരുമാനം.
Leave a Reply