ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു പോകുമെന്ന പ്രതീക്ഷ നശിച്ചതായി ബ്രെക്‌സിറ്റ് അനുകൂലികളും ലീവ് പക്ഷത്തിനു വേണ്ടി ലക്ഷങ്ങള്‍ നല്‍കിയവരുമായ കോടീശ്വരന്‍മാര്‍. 2016ലെ ബ്രെക്‌സിറ്റി ക്യാംപെയിനില്‍ ഏറ്റവും കൂടുതല്‍ പണം മുടക്കിയവരില്‍ പ്രധാനികളായ പീറ്റര്‍ ഹാര്‍ഗ്രീവ്‌സും ക്രിസ്പിന്‍ ഓഡേയുമാണ് ബ്രെക്‌സിറ്റില്‍ പ്രതീക്ഷയില്ലെന്ന അഭിപ്രായവുമായി രംഗത്തെത്തിയത്. പീറ്റര്‍ ഹാര്‍ഗ്രീവ്‌സ് ഡോണര്‍മാരില്‍ രണ്ടാം സ്ഥാനക്കാരനാണ്. പാര്‍ലമെന്റില്‍ ബ്രെക്‌സിറ്റിന് നേരിടുന്ന പ്രതിബന്ധങ്ങള്‍ തെരേസ മേയുടെ ഉടമ്പടി പരാജയപ്പെടുമെന്നതിന്റെ സൂചനകളാണെന്നും 2016ലെ ഹിതപരിശോധനാ ഫലം മറികടന്ന് എംപിമാര്‍ ബ്രെക്‌സിറ്റ് തന്നെ റദ്ദാക്കിയേക്കുമെന്നും ഇവര്‍ പറയുന്നു. ബ്രെക്‌സിറ്റ് ഡീല്‍ പരാജയപ്പെടുത്തുന്നത് ബ്രെക്‌സിറ്റിനെത്തന്നെ ഇല്ലാതാക്കുമെന്ന ജെറമി ഹണ്ടിന്റെ പ്രസ്താവനയോടുള്ള പ്രതികരണമായാണ് ഇവര്‍ ഇങ്ങനെ പറഞ്ഞത്.

ഉപാധി രഹിത ബ്രെക്‌സിറ്റിലേക്ക് നീങ്ങാതിരിക്കാനാണ് എംപിമാര്‍ ശ്രമിക്കുന്നത്. എന്നാല്‍ പ്രധാനമന്ത്രി കൊണ്ടുവന്ന ഉടമ്പടി പാര്‍ലമെന്റ് അംഗീകരിക്കാനുള്ള സാധ്യതകളും വിരളമാണ്. ഈ സാഹചര്യത്തിലാണ് ബ്രെക്‌സിറ്റ് ഇല്ലാതാകുമെന്ന പ്രസ്താവനയുമായി ഫോറിന്‍ സെക്രട്ടറി രംഗത്തെത്തിയത്. ഗവണ്‍മെന്റിനെ നിരാശയിലാഴ്ത്തുന്ന പ്രചാരണത്തിനാണ് സ്പീക്കര്‍ ജോണ്‍ ബെര്‍കൗ അനുമതി നല്‍കിയിരിക്കുന്നതെന്നും രാജ്യം യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടുപോകാന്‍ യാതൊരു സാധ്യതയും താന്‍ കാണുന്നില്ലെന്നും ഹണ്ട് കുറ്റപ്പെടുത്തിയിരുന്നു. ഹിതപരിശോധനാ ഫലത്തിന് വിപരീതമായി ബ്രെക്‌സിറ്റ് സാധ്യമാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പൊതുജനങ്ങളുടെ വിശ്വാസം നശിപ്പിക്കലായിരിക്കും അതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബ്രെക്‌സിറ്റ് ബില്‍ പാര്‍ലമെന്റ് കടമ്പ കടത്താനുള്ള പരമാവധി ശ്രമങ്ങളിലാണ് പ്രധാനമന്ത്രി തെരേസ മേയ്. ഇതിനായി ലേബര്‍ നേതൃത്വത്തെയും യൂണിയന്‍ നേതാക്കളെയും ബന്ധപ്പെടാനും ശ്രമിക്കുന്നുണ്ട്. എന്നാല്‍ ബില്ലിന്റെ പരാജയം ഒഴിവാക്കുകയെന്നത് അസാധ്യമാണെന്നാണ് മുതിര്‍ന്ന നേതാക്കള്‍ അറിയിക്കുന്നത്. ലേബറും പ്രതിപക്ഷ കക്ഷികളും ഉയര്‍ത്തുന്ന വെല്ലുവിളിക്കു പുറമേ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ അടിയൊഴുക്കുകളും മേയ്ക്ക് വിപരീതമാണ്.