ചൊവ്വാഴ്ച പാര്‍ലമെന്റില്‍ നടക്കുന്ന വോട്ടെടുപ്പില്‍ താന്‍ മുന്നോട്ടു വെച്ച ബ്രെക്‌സിറ്റ് ഡീല്‍ അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ ബ്രിട്ടന്‍ ഒരിക്കലും യൂറോപ്യന്‍ യൂണിയന്‍ വിടില്ലെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി തെരേസ മേയ്. തന്റെ ഉടമ്പടിക്ക് ജനാധിപത്യപരമായും സാമ്പത്തികമായുമുള്ള കാരണങ്ങളാല്‍ പിന്തുണ നല്‍കേണ്ടതുണ്ട്. അതിനാല്‍ ഇതിനെ പിന്തുണയ്ക്കണമെന്ന് അപേക്ഷിക്കുകയാണെന്ന് തെരേസ മേയ് പറഞ്ഞു. നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ബാക്ക്‌സ്‌റ്റോപ്പ് വിഷയത്തില്‍ മാറ്റങ്ങള്‍ വരുത്തി ഉടമ്പടിക്ക് പാര്‍ലമെന്റിന്റെ അംഗീകാരം വാങ്ങുന്നതിനായി ബ്രസല്‍സിന്റെ പിന്തുണ തേടിയിരിക്കുകയായിരുന്നു മേയ്. ഗ്രിംസ്ബിയില്‍ വെച്ച് നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി പാര്‍ലമെന്റ് തന്റെ ഉടമ്പടിയെ പിന്തുണയ്ക്കണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചത്.

പിന്തുണച്ചാല്‍ യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു വരും. ഡീല്‍ തള്ളിയാല്‍ എന്തുണ്ടാകുമെന്ന് അറിയില്ലെന്നും അവര്‍ പറഞ്ഞു. മാസങ്ങളോളം യൂറോപ്യന്‍ യൂണിയനില്‍ത്തന്നെ തുടര്‍ന്നേക്കാം, അല്ലെങ്കില്‍ ഉടമ്പടി നല്‍കുന്ന സംരക്ഷണമില്ലാതെ പുറത്തു പോയേക്കാം, അതുമല്ലെങ്കില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഒരിക്കലും പുറത്തു പോകാതെയുമിരിക്കാമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. മുമ്പുണ്ടായിരുന്ന ആശയഭിന്നതകള്‍ മറന്ന് എല്ലാവരും ബ്രെക്‌സിറ്റ് നടപ്പാകണമെന്ന ആഗ്രഹം പങ്കുവെക്കുന്നവരായി മാറിയിരിക്കുകയാണ്. യൂറോപ്പിനു പുറത്ത് ഭാവിയില്‍ വിജയമുണ്ടാകാന്‍ നാം ഒരു രാജ്യമെന്ന നിലയില്‍ ഒരുമിച്ച് നില്‍ക്കേണ്ടതുണ്ട്.

യൂറോപ്യന്‍ യൂണിയന്‍ വരും ദിവസങ്ങളില്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങള്‍ പാര്‍ലമെന്റ് വോട്ടില്‍ വലിയ മാറ്റങ്ങളായിരിക്കും വരുത്തുകയെന്ന് യൂറോപ്യന്‍ നേതാക്കളോടുള്ള അഭ്യര്‍ത്ഥനയെന്ന നിലയില്‍ അവര്‍ പറഞ്ഞു. ഇപ്പോഴാണ് നമുക്ക് പ്രവര്‍ത്തിക്കാനുള്ള സമയം. കഴിഞ്ഞ രണ്ടു വര്‍ഷം ഒരു ധാരണയ്ക്കായി നാം ഒരുമിച്ച് പ്രവര്‍ത്തിച്ചു. യൂറോപ്പില്‍ നിന്ന് ശരിയായ വിധത്തില്‍ പുറത്തു പോകാനും ഭാവിയില്‍ മികച്ച ബന്ധം തുടരാനുമുള്ള ഒരു പ്ലാറ്റ്‌ഫോമാണ് ഈ ധാരണയെന്നും യൂറോപ്യന്‍ നേതാക്കളെ ലക്ഷ്യമിട്ട് അവര്‍ പറഞ്ഞു.