സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത് ഒരു വധുവിന്റെ വിവാഹ വേദിയിലേക്കുള്ള യാത്രയാണ്. മെട്രോയിൽ കയറിയാണ് വധു വിവാഹ വേദിയിലെത്തിയത്. എന്നാൽ, ഇത് വ്യത്യസ്തതയ്ക്ക് വേണ്ടിയായിരുന്നില്ല. ബെംഗളൂരു നഗരത്തിലെ ബ്ലോക്കിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയായിരുന്നു.
നഗരത്തിലെ ഗതാഗതക്കുരുക്ക് കാരണം വിവാഹ വേദിയിലെത്താൻ വൈകിയാലോ എന്ന ചിന്തയിൽ മെട്രോയിൽ യാത്ര ചെയ്ത യുവതിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. സാരിയും ആഭരണങ്ങളുമണിഞ്ഞ് വിവാഹ വേഷത്തിൽ തന്നെയാണ് വധു മെട്രോയിൽ സഞ്ചരിച്ചത്.
‘ഫോർ എവർ ബെംഗളൂരു’ എന്ന എക്സ് അക്കൗണ്ടിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. ‘സ്മാർട്ട് ബെംഗളൂരു വധു. ട്രാഫിക്ക് ബ്ലോക്കിൽ കുടുങ്ങിയ വധു മുഹൂർത്ത സമയത്ത് വിവാഹ വേദിയിലെത്താൻ കാറുപേക്ഷിച്ച് മെട്രോയില്‍ കയറുന്നു’ എന്ന കുറിപ്പോടെയാണ് വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. വീട്ടുകാർക്കൊപ്പം യുവതി മെട്രോയിൽ കയറുന്നതാണ് വിഡിയോയിൽ.
വധുവിന്റെ പ്രവർത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തുന്നത്. പുതിയ കാലത്ത്, പഴക്കമുള്ള വിവാഹ ആചാരങ്ങൾ മാറ്റി എങ്ങനെ സിംപിളാവാം എന്നാണ് വധു കാണിച്ചു തന്നതെന്നാണ് പലരും പറയുന്നത്. നിരവധി പേരാണ് വിവാഹ വേഷത്തിലും മെട്രോയിൽ കയറിയ വധുവിന് അഭിനന്ദനം അറിയിക്കുന്നത്. ബെംഗളൂരു പോലെ ട്രാഫിക് ബ്ലോക്കുള്ള സ്ഥലങ്ങളിൽ എല്ലാവർക്കും ഇതു പരീക്ഷിക്കാമെന്നും സമൂഹ മാധ്യമങ്ങളിൽ പലരും കുറിക്കുന്നുണ്ട്.
Leave a Reply