ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗാസയിൽ നിന്ന് രോഗികളും പരിക്കേറ്റവരുമായ കുട്ടികളെ ചികിത്സിക്കാൻ ഉടൻ ബ്രിട്ടനിലേയ്ക്ക് കൊണ്ടുവരണമെന്ന് 96 എംപിമാരുടെ ഒരു ക്രോസ്-പാർട്ടി ഗ്രൂപ്പ് യുകെ സർക്കാരിനോട് ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ ഗാസയിലെ ആരോഗ്യ സംരക്ഷണ സംവിധാനം താറുമാറായിരിക്കുകയാണെന്നും എംപിമാർ മുതിർന്ന മന്ത്രിമാർക്ക് എഴുതിയ കത്തിൽ പറയുന്നു. കുട്ടികൾക്ക് ആവശ്യ ചികിത്സകൾ നൽകിയില്ലെങ്കിൽ അവരുടെ ജീവൻ വരെ അപകടത്തിൽ ആകുമെന്നും അവർ ചൂണ്ടിക്കാട്ടി.
ലേബർ എംപിയും ജിപിയുമായ ഡോ. സൈമൺ ഓഫർ ആണ് കത്ത് തയ്യാറാക്കുന്നതിൽ നേതൃത്വം നൽകിയത്. കത്തിൽ ഗാസയിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭിക്കുന്നില്ലെന്ന് എടുത്തു കാണിക്കുന്നു. ഭക്ഷണം, വെള്ളം, മെഡിക്കൽ സപ്ലൈകൾ എന്നിവയ്ക്കുള്ള നീണ്ട ഉപരോധവും തുടർച്ചയായ അക്രമവും ഇതിൽ പറയുന്നു. ഒഴിപ്പിക്കലുകൾക്ക് വ്യക്തമായ സമയപരിധി നിശ്ചയിക്കണമെന്നും മതിയായ ധനസഹായം നൽകണമെന്നും, ക്ലിനിക്കൽ ആവശ്യകതയെ അടിസ്ഥാനമാക്കി കുട്ടികളെ ചികിത്സയ്ക്കായി ബ്രിട്ടനിൽ കൊണ്ടുവരണം എന്നും കത്തിൽ പറയുന്നു.
മെഡിക്കൽ ചാരിറ്റിയായ മെഡെസിൻസ് സാൻസ് ഫ്രോണ്ടിയേഴ്‌സുമായി (എംഎസ്എഫ്) ചേർന്നാണ് എംപിമാർ ഒഴിപ്പിക്കൽ നടപടികൾ നടപ്പിലാക്കുന്നത്. കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും ചികിത്സയ്ക്ക് ശേഷം യുകെയിൽ അഭയം തേടാനോ പുനരധിവസിപ്പിക്കാനോ അനുവാദം ലഭിക്കണമെന്ന ആവശ്യവും മുന്നോട്ട് വന്നിട്ടുണ്ട്. ഹോം ഓഫീസ് നേരത്തെ വ്യക്തമാക്കിയിരുന്നതുപോലെ, ഒഴിപ്പിക്കലിന് മുമ്പുള്ള ബയോമെട്രിക് പരിശോധനകളുടെ പ്രായോഗികതയേയും കത്തിൽ ചോദ്യം ചെയ്യുന്നുണ്ട്. ഈ മാസം തുടക്കത്തിൽ ഗുരുതരമായി രോഗബാധിതരായതോ പരിക്കേറ്റതോ ആയ കുട്ടികളെ യുകെയിലേയ്ക്ക് കൊണ്ടുവരുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ഇത്തരത്തിലുള്ള കുട്ടികളുടെ എണ്ണം നൂറിൽ കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുദ്ധ മേഖലയിലുടനീളമുള്ള ആശുപത്രികളിലെ ചികിത്സയ്ക്കായി യുകെ ഇതിനകം ഫണ്ട് നൽകിയിട്ടുണ്ട്. ഇതിന് പുറമെ വ്യോമമാർഗം സഹായം എത്തിക്കാൻ ജോർദാനുമായി സഹകരിക്കുകയും ചെയ്‌തിട്ടുണ്ട്.
Leave a Reply