ബ്രിസ്റ്റോള്‍ മലയാളി സമൂഹം ഒത്തൊരുമിച്ച് ആഘോഷിക്കേണ്ട ചടങ്ങ് കോവിഡ് പശ്ചാത്തലത്തില്‍ ചുരുങ്ങിയപ്പോഴും മധുരം ഒട്ടും കുറയാതെ കുരുന്നുകളുടെ ആദ്യ കുര്‍ബാന സ്വീകരണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അതീവ ജാഗ്രതയോടെയായിരുന്നു കുട്ടികളുടെ ആദ്യ കുര്‍ബാന സ്വീകരണം നടന്നത്. ബ്രിട്ടനില്‍ രണ്ടാം ലോക്ക്ഡൗണ്‍ നടപ്പാക്കുന്നതിന് തൊട്ടുമുന്‍പായി ചടങ്ങുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കുരുന്നുകള്‍. വിശ്വാസത്തിലേക്ക് ആനയിക്കപ്പെടുമ്പോള്‍ ഭാഗ്യവും,അനുഗ്രഹവും ഒരുമിച്ച് തേടിയെത്തുന്നതിന്റെ സൂചനയായി ഈ ചടങ്ങുകള്‍.

ബ്രിസ്റ്റോള്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ വെച്ചാണ് അനുഗ്രഹീതമായ ചടങ്ങുകള്‍ അരങ്ങേറിയത്. എസ്ടിഎസ്എംസിസിയുടെ ആദ്യ കുര്‍ബാന സ്വീകരണത്തിന്റെ മൂന്ന് ഘട്ടങ്ങളില്‍ ഒന്നാം ഘട്ടമാണ് ബ്രിസ്റ്റോള്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ ഇന്നലെ പൂര്‍ത്തിയായത്. ഒന്നാം ഘട്ടത്തില്‍ നാലു പേരാണ് ആദ്യ കുര്‍ബാന സ്വീകരിച്ചത്. അടുത്ത ശനിയാഴ്ച ഏഴു പേരും, പിന്നീടുള്ള ശനിയാഴ്ച മൂന്നുപേരും ആദ്യ കുര്‍ബാന സ്വീകരിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ആള്‍ക്കൂട്ടം ഒഴിവാക്കിയുള്ള ചടങ്ങുകള്‍. കോവിഡ് പശ്ചാത്തലത്തില്‍ മൂന്നു കുടുംബത്തെ മാത്രമാണ് ചടങ്ങില്‍ പങ്കെടുപ്പിക്കാന്‍ അനുവാദമുണ്ടായിരുന്നത്.

അനുഗ്രഹം നിറഞ്ഞൊഴുകിയ ചടങ്ങില്‍ ഫാ. പോള്‍ വെട്ടിക്കാട്ട് മുഖ്യകാര്‍മ്മികനായി. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ മതബോധന ഡയറക്ടര്‍ ഫാ. ജോയ് വയലില്‍ വചന സന്ദേശം നല്‍കി. സിസ്റ്റര്‍ ഗ്രേസ് മേരി , സിസ്റ്റര്‍ ലീന മേരി, ഡീക്കന്‍ ജോസഫ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. എസ്ടിഎംസിസി ട്രസ്റ്റിമാരായ സെബാസ്റ്റ്യയന്‍ ലോനപ്പന്‍, ഷാജി വര്‍ക്കി എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

ലിജോ പടയാട്ടില്‍ സിനി ലിജോ ദമ്പതികളുടെ മകന്‍ ആന്‍വിന്‍ ലിജോ, ജെയ്‌സണ്‍ പ്രിന്‍സി ദമ്പതികളുടെ മകന്‍ അല്‍ഫോണ്‍സ് ജെയ്‌സന്‍, മനോജ് ലിസമ്മ ദമ്പതികളുടെ മകന്‍ ബെനഡിക്ട് മനോജ്, ജെഗി ജോസഫ് ഷൈനി ജെഗി ദമ്പതികളുടെ മകന്‍ എമില്‍ ജോ ജെഗി എന്നിവരാണ് ഒന്നാം ഘട്ടത്തില്‍ ആദ്യ കുര്‍ബാന സ്വീകരിച്ചത്. കോവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും തിളക്കം ഒട്ടും കുറയ്ക്കാതെ അനുഗ്രഹപൂര്‍ണ്ണമായിരുന്നു ആഘോഷങ്ങള്‍. ചടങ്ങുകള്‍ക്ക് ശേഷം ലഘു ഭക്ഷണം ഒരുക്കിയിരുന്നു.

ആദ്യ കുര്‍ബാന സ്വീകരിച്ചവര്‍ക്കുള്ള മൊമന്റോയും, സര്‍ട്ടിഫിക്കറ്റുകളും ഫാ. പോള്‍ വെട്ടിക്കാട്ട് വിതരണം ചെയ്തു. ചടങ്ങില്‍ കുരുന്നുകള്‍ കുടുംബത്തോടൊപ്പം കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ചു. ക്ലമന്‍സ് നീലങ്കാവിലും, നിഷ ജോര്‍ജ്ജ് തരകനും ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി.

കുട്ടികളെ ആദ്യ കുര്‍ബാനയ്ക്കായി ഒരുക്കിയത് വേദപാഠം അധ്യാപകരായ സിസ്റ്റര്‍ ഗ്രേസ് മേരിയും, ലീന മേരിയുമാണ്. മനോഹരമായ അലങ്കാരങ്ങള്‍ നിറച്ച് പള്ളിയില്‍ വെച്ച് നടന്ന ആദ്യ കുര്‍ബാന ചടങ്ങുകള്‍ കുട്ടികള്‍ക്ക് മനസില്‍ എന്നെന്നും സൂക്ഷിച്ച് വെയ്ക്കുവാന്‍ പോന്ന ഒരു നിധിയായി മാറി. വരുന്ന രണ്ട് ശനിയാഴ്ചകളില്‍ ബാക്കി കുട്ടികളുടെ കുര്‍ബാന സ്വീകരണം നടക്കും. യുകെയിലെ ഏറ്റവും വലിയ കത്തോലിക്കാ സമൂഹമായ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ എല്ലാ വര്‍ഷവും നിരവധി കുട്ടികളാണ് ചടങ്ങില്‍ പങ്കെടുക്കാറുള്ളത്. ഇക്കുറി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത് മൂലം ശ്രദ്ധയോടെ സുരക്ഷ ഉറപ്പാക്കിയാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്. ജാതിമത വിശ്വാസങ്ങള്‍ക്ക് അതീതമായി മലയാളി സമൂഹത്തിന്റെ മൊത്തം ആഘോഷമായി നടത്താറുള്ള പരിപാടിയാണ് ഈ വിധം ചുരുങ്ങിയത്.